പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ് കോടതി കയറുന്നു; വ്യാജ അംഗങ്ങള്‍ ഉണ്ടെന്ന് പരാതി

കൊച്ചി: പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി യൂണിയന്റെ വിശദീകരണം തേടി. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്കും, മുഖ്യ വരണാധികാരിക്കും എറണാകുളം ജില്ലാ വരണാധികാരിക്കും കോടതി നോട്ടീസയച്ചു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലാ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് ജില്ലയിലെ ഒരു വോട്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ ഉത്തരവ്.

എറണാകുളം ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ കേന്ദ്രമായ സ്വകാര്യ ചാനലില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ഉള്‍പ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമാണെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

യുണിയന്‍ ജനറല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം കരട് വോട്ടര്‍ പട്ടികയില്‍ നല്‍കിയ തര്‍ക്കം പരിഗണിക്കാതെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമാണെന്നും യുണിയന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയ 87 പേര്‍ ആലപ്പുഴ ജില്ലയില്‍ തൊഴില്‍ നികുതി അടക്കുന്നതിന്റെ വിവരാവകാശ രേഖ പരിശോധിച്ചാണ് യൂണിയന്‍ നേതൃത്വത്തിന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്.

യൂണിയന്റെ എറണാകുളം യൂണിറ്റില്‍ വ്യാജ വോട്ടര്‍മാര്‍ ഉണ്ടെന്ന് ഏപ്രില്‍ മാസത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ ഉന്നയിച്ചതായും, മെയ് മാസത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിനു കത്തയച്ചതായും, ഹര്‍ജിയില്‍ പറയുന്നു. മുഖ്യ വരണാധികാരി ചുമതലയേറ്റ ശേഷം അദ്ദേഹത്തെയും ഇക്കാര്യങ്ങള്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും വരണാധികാരികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ജില്ലാ സെക്രട്ടറിയുടേയും ജില്ലാ പ്രസിഡന്റി റേയും ജില്ലാ വരണാധികാരിയുടേയും പങ്ക് സംശയാസ്പദമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന് മുന്‍പ് കേസ് ്‌കോടതി പരിഗണിക്കും. വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെനാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News