യുഡിഎഫിന്റെ നിയമലംഘന മെട്രോ യാത്ര; നേതാക്കളെ രക്ഷപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ കെഎംആര്‍എല്‍ ശ്രമം; യാത്ര ചെയ്ത നേതാക്കള്‍ ‘കണ്ടാലറിയാത്ത’വരാണെന്ന് വിചിത്രവാദം

കൊച്ചി: നിയമങ്ങള്‍ കാറ്റില്‍ പറത്തി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന യുഡിഎഫ് മെട്രോ യാത്രയെ നിസാരവത്ക്കരിച്ച് കെഎംആര്‍എല്‍. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്താവുന്ന ആരോപണങ്ങള്‍ ഇല്ലാതെയാണ് കെഎംആര്‍എല്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. യുഡിഎഫ് നേതാക്കളെ രക്ഷപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് കെഎംആര്‍എല്ലിന്റെ ശ്രമം.

ജൂണ്‍ 20ന് ജനകീയ മെട്രോ യാത്ര എന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയ നിയമലംഘനത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോഴായിരുന്നു കെഎംആര്‍എല്‍ ദിവസങ്ങള്‍ക്ക് ശേഷം ആലുവ പൊലീസില്‍ പരാതി നല്‍കിയത്. 2002ലെ മെട്രോ റെയില്‍ ആക്ട്പ്രകാരം ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലായിരുന്നു പരാതി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്‍, തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ യാത്രയില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായത്.

എന്നാല്‍ കെഎംആര്‍എല്‍ നല്‍കിയ പരാതിയില്‍ നാശനഷ്ടം സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല എന്ന് മാത്രമല്ല, കണ്ടാലറിയാത്ത ഒരു കൂട്ടം ആളുകളുടെ പേരിലാണ് പരാതിയും നല്‍കിയിരിക്കുന്നത്. വിവരാവകാശപ്രകാരം ലഭിച്ച രേഖകളില്‍ കേസ് അട്ടിമറിക്കാനുളള നീക്കം നടക്കുന്നതായി പൊതുപ്രവര്‍ത്തകന്‍ അഡ്വ. ഡിബി ബിനു ആരോപിച്ചു.

അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച മെട്രോ സ്റ്റേഷന്‍ പരിധിയില്‍ ബഹളം വച്ചാല്‍ പോലും 200 രൂപ പിഴയും അതിക്രമിച്ച് കയറുകയോ ഉദ്യോഗസ്ഥരെ തടസപ്പെടുത്തുകയോ ചെയ്താല്‍ 5,000 രൂപ പിഴയും ആറ് മാസം തടവും വരെ ലഭിക്കാം. പരമാവധി 975 പേര്‍ക്ക് കയറാവുന്ന മെട്രോയില്‍ 1500ലധികം പേരാണ് ടിക്കറ്റ് പോലും എടുക്കാതെ അതിക്രമിച്ച് കയറിയത്. സംഭവത്തില്‍ രമേശ് ചെന്നിത്തല പിന്നീട് ഖേദം അറിയിച്ചിട്ടും അന്ന് യാത്ര ചെയ്തവര്‍ ഇപ്പോഴും കെഎംആര്‍എല്ലിന് കണ്ടാലറിയാത്തവരാണ്.

പരാതിയില്‍ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ആയതിനാല്‍ ശക്തമായ കേസെടുക്കാനാവാതെ കുഴയുകയാണ് പൊലീസ്. അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് രേഖാമൂലം ചോദിച്ചിട്ടും കെഎംആര്‍എല്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. ചുരുക്കത്തില്‍ നാടിന്റെ അഭിമാനമായ കൊച്ചി മെട്രോയില്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും കാട്ടിക്കൂട്ടിയ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് കെഎംആര്‍എല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel