മെലഡിയുടെ മനോഹാരിതയില്‍ ജോണ്‍സണ്‍ മാസ്റ്റര്‍; ആ നിത്യവസന്തം അനശ്വരമാക്കിയ ഗാനങ്ങള്‍ക്ക് ഇന്നും നവയൗവ്വനം

മെലഡിയുടെ മനോഹാരിതയില്‍ മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. മലയാളിയുടെ എണ്‍പതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ആ നിത്യവസന്തം അനശ്വരമാക്കിയ ഗാനങ്ങള്‍ക്കിന്നും നവയൗവ്വനം. ‘സ്വര്‍ണ്ണമുകിലേ, ഏതോ ജന്മകല്പനയില്‍, ഗോപികേ നിന്‍വിരല്‍ത്തുമ്പുരുമ്മി, എന്റെ മണ്‍വീണയില്‍, അനുരാഗിണീ ഇതായെന്‍, പവിഴംപോല്‍ പവിഴാധരം പോല്‍,മെല്ലെ മെല്ലെ മുഖപടം, ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ, കണ്ണീര്‍ പൂവിന്റെ, മൗനസരോവരമാകെ,ര ാജഹംസമേ..തുടങ്ങി മലയാളിയുടെ ഗൃഹാതുരുത്വത്തില്‍ ജോണ്‍സണ്‍ അവശേഷിപ്പിച്ചുപോയ എത്രയോ സംഗീത ശേഷിപ്പുകള്‍.

മലയാള സിനിമയുടെ ദേവസംഗീതം ജി. ദേവരാജന്റെ ശിഷ്യനായി സിനിമയിലെത്തിയ ജോണ്‍സണ്‍ ദേവരാജന് ശേഷം ഏറ്റവും കൂടുതല്‍ മലയാള സിനിമയ്ക്ക് സംഗീതമൊരുക്കിയ സംഗീതസംവിധായകനാണ്.

1953 മാര്‍ച്ച് 26ന് തൃശ്ശൂര്‍ നെല്ലിക്കുന്നിലാണ് ജോണ്‍സണ്‍ ജനിച്ചത്. കുട്ടിക്കാലത്തു തന്നെ നെല്ലിക്കുന്നത്തെ സെന്റ് സെബാസ്ത്യന്‍ ഇടവകപ്പള്ളിയില്‍ ഗാനങ്ങള്‍ അവതരിപ്പിക്കാനും ഗിത്താര്‍,ഹാര്‍മോണിയം എന്നീ സംഗീത ഉപകരണങ്ങള്‍ പഠിക്കുവാനും അവസരം ലഭിച്ചു. സ്‌കൂള്‍ യുവജനോത്സവവേദികളിലും മറ്റ് ഗാനമേളട്രൂപ്പുകളിലും പാടാനും ഹാര്‍മോണിയം വായിക്കാനും തുടങ്ങി.

1968ല്‍ സുഹൃത്തുക്കളുമൊത്ത് ‘വോയിസ് ഓഫ് തൃശ്ശൂര്‍’ എന്ന സംഗീത ക്ലബ്ബ് രൂപപ്പെടുത്തുമ്പോള്‍ ജോണ്‍സനു പ്രായം പതിനഞ്ച്. ഇക്കാലയളവില്‍ ഹാര്‍മോണിയം, ഗിത്താര്‍, ഫ്‌ലൂട്ട് , ഡ്രംസ്, വയലിന്‍ എന്നീ സംഗീത ഉപകരണങ്ങള്‍ സ്വായത്തമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ജോണ്‍സന്റെ നേതൃത്വത്തില്‍,കുറഞ്ഞ കാലം കൊണ്ടു തന്നെ ‘വോയിസ് ഓഫ് തൃശൂര്‍’ കേരളത്തിലെ മികച്ച സംഗീത ട്രൂപ്പുകളിലൊന്നായി മാറി.

ചലച്ചിത്ര പിന്നണി ഗായകരായിരുന്ന പി.ജയചന്ദ്രന്‍, മാധുരി എന്നിവരുടെ ഗാനമേളകള്‍ക്ക് പിന്നണി വാദ്യം വായിച്ചിരുന്ന സംഗീത ക്ലബ്ബിന്റെ നേതൃത്വം ജോണ്‍സനായിരുന്നു. ജയചന്ദ്രനിലൂടെ ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെട്ടതാണ് ജോണ്‍സനു ചലച്ചിത്ര ലോകത്തേക്കുള്ള വഴി തുറന്നത്. ജോണ്‍സനിലെ പ്രതിഭയെ വളരെപ്പെട്ടെന്ന് മനസ്സിലാക്കിയ ദേവരാജന്‍ മാസ്റ്റര്‍ ജോണ്‍സനെ തന്റെ വര്‍ക്കുകളില്‍ അസിസ്റ്റ് ചെയ്യാന്‍ ചെന്നെയിലെത്തിച്ചു. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്ന ജോണ്‍സണ്‍ ദേവരാജന്‍ മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരമാണ് സംഗീതപഠനം തുടങ്ങിയത്. ഇക്കാലയളവില്‍ ദേവരാജന്‍ മാസ്റ്ററുടെ കൂടെത്തന്നെ അര്‍ജ്ജുനന്‍ മാസ്റ്റര്‍, എ.ടി ഉമ്മര്‍ എന്നീ സംഗീത സംവിധായകരോടൊത്തും പ്രവര്‍ത്തിച്ചു.

ചെന്നൈയിലെത്തി ഏകദേശം നാലുവര്‍ഷക്കാലത്തിനു ശേഷം 1978ല്‍ ഭരതന്റെ ‘ആരവ’ത്തില്‍ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചു കൊണ്ട് സ്വതന്ത്രസംഗീത സംവിധായകനായി മാറി. ആന്റണി ഈസ്റ്റുമാന്‍ സംവിധാനം ചെയ്ത് 1981ല്‍ പുറത്തുവന്ന ‘ഇണയെത്തേടി’ എന്ന ചിത്രത്തില്‍ ആര്‍.കെ ദാമോദരന്‍ എഴുതി ജയചന്ദ്രന്‍ ആലപിച്ച ‘വിപിനവാടിക കുയിലുതേടി’ എന്ന ഗാനമാണ് ആദ്യം ചിട്ടപ്പെടുത്തിയത്.ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ജയില്‍, പാര്‍വ്വതി, പ്രേമഗീതങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ജോണ്‍സണ്‍ മാസ്റ്ററുടെ പ്രതിഭയെ മലയാള ചലച്ചിത്ര സംഗീത ലോകം തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. പത്മരാജന്‍, ഭരതന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അവസരം കിട്ടി തുടങ്ങി.’നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, ഞാന്‍ ഗന്ധര്‍വന്‍, കിരീടം, ചമയം’തുടങ്ങിയ ചിത്രങ്ങളെ അക്കാലത്തെ സൂപ്പര്‍ഹിറ്റുകളാക്കി മാറ്റിയതില്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പങ്ക് വിസ്മരിക്കാനാവില്ല. പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്, കമല്‍, ലോഹിതദാസ്, ബാലചന്ദ്രമേനോന്‍ തുടങ്ങിയ മുന്‍നിര സംവിധായകരുടെ കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു പിടി നല്ല ഗാനങ്ങളായിരുന്നു. ‘കൂടെവിടെ’ എന്ന ചിത്രം മുതല്‍ പത്മരാജന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോണ്‍സണ്‍ 17 പത്മരാജന്‍ ചിത്രങ്ങള്‍ക്കാണ് സംഗീതം പകര്‍ന്നത്.

300ല്‍ അധികം ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ച ജോണ്‍സണ്‍ 1991ല്‍ മാത്രം മുപ്പതോളം ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചു. എണ്‍പതുകളുടെ അവസാനം മുതല്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സംഗീത സംവിധായകനായിരുന്നു.

1982ല്‍ ഓര്‍മ്മക്കായ്, 1989ല്‍ മഴവില്‍ക്കാവടി, വടക്കുനോക്കിയന്ത്രം, 1999ല്‍ അങ്ങനെ ഒരവധിക്കാലത്ത് എന്നീ ചിത്രങ്ങള്‍ ജോണ്‍സന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിക്കൊടുത്തു.1993ല്‍ പൊന്തന്മാടയും ’94ല്‍ സുകൃതവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡുകളും നേടാന്‍ കാരണമായി. കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമകള്‍ക്ക് മികച്ച പശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ ജോണ്‍സനോളം കഴിവ് മറ്റൊരു സംഗീതസംവിധായകനും മലയാളത്തില്‍ കാണിച്ചിരുന്നില്ല.

വ്യത്യസ്തമായ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അറിവാണ് സംഗീത സംവിധായകന്‍ എന്നതിനു പുറമേ മികച്ച മ്യൂസിക് കണ്ടക്റ്റര്‍ഓര്‍ഗനൈസര്‍, ഓര്‍ക്കസ്‌ട്രേഷന്‍ വിദഗ്ദന്‍ എന്ന നിലകളില്‍ ജോണ്‍സന് പ്രശസ്തി നേടിക്കൊടുത്തിരുന്നത്. തൊണ്ണൂറുകള്‍ക്ക് ശേഷം അല്‍പകാലം സംഗീത ലോകത്ത് നിന്ന് വിട്ടു നിന്ന ജോണ്‍സണ്‍ 2006 ല്‍ പുറത്തിറങ്ങിയ ‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. തുടര്‍ന്ന് ഗുല്‍മോഹര്‍, നാടകമേ ഉലകം എന്നീ ചിത്രങ്ങള്‍ക്കു അദ്ദേഹം സംഗീതം നിര്‍വ്വഹിച്ചു.

2011 ആഗസ്ത് 18 ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് തന്റെ 58ാം വയസ്സില്‍ ജോണ്‍സണ്‍ മാസ്റ്റര്‍ ഓര്‍മ്മയാകുമ്പോള്‍ മലയാളിക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ മധുരമൂറുന്ന നിരവധി ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ് യാത്രയാകുന്നത്. റാണിയാണ് ജോണ്‍സന്റെ ഭാര്യ. മകന്‍ റെന്‍ 2012ല്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു.ഗായികയായ മകള്‍ ഷാന്‍ തന്റെ സംഗീത ആല്‍ബം പുറത്തിറക്കി ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവെങ്കിലും അകാലത്തില്‍ മരണമടഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News