മരങ്ങള്‍ക്ക് പച്ചനിറം; മലകള്‍ക്കെന്താ നീലനിറം?

നീലാകാശം എന്നത് നമ്മുടെ വായുമണ്ഡലം തന്നെയാണ്. ഭൂതലത്തില്‍ നിന്ന് ഏതാണ്ട് 50 കിലോമീറ്റര്‍ വരും അതിന്റെ കനം. അതിനപ്പുറവും നേര്‍ത്തവായുസാന്നിധ്യം ഉണ്ടെങ്കിലും നീലാകാശം കാണില്ല, കറുത്ത ആകാശമാണ്. നീലാകാശത്തിനു കാരണം എല്ലാവര്‍ക്കും അറിയാം. ഏഴു വര്‍ണങ്ങളിലുള്ള സൂര്യപ്രകാശം വായുമണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രകീര്‍ണനം ചെയ്യപ്പെടും. അതായത് പ്രകാശം വായുതന്മാത്രകളില്‍ തട്ടിച്ചിതറും. പ്രകീര്‍ണനം ഏറ്റവും കൂടുതല്‍ സംഭവിക്കുക നീല, പച്ച, വയലറ്റ് നിറങ്ങള്‍ക്കായിരിക്കും. കാരണം അവയ്ക്ക് തരംഗദൈര്‍ഘ്യം കുറവാണ്.

ഈ മൂന്നു നിറങ്ങളിലുള്ള പ്രകാശം വീണ്ടും ചുറ്റുമുള്ള തന്മാത്രകളില്‍ തട്ടിച്ചിതറി എല്ലാ ഭാഗത്തുനിന്നും ഏതാണ്ട് ഒരേ അളവില്‍ നമ്മുടെ കണ്ണിലെത്തും. ഈ നിറങ്ങള്‍ ചേരുമ്പോഴാണ് ആകാശനീലിമ (Sky blue) എന്ന അനുഭവമുണ്ടാക്കുന്നത്.

വായുമണ്ഡലത്തെ നീലനിറത്തില്‍ കാണുന്നതാണ് ആകാശം. വായുവില്‍ പൊടിപടലങ്ങള്‍ ഉണ്ടെങ്കില്‍ ആകാശം ചാരനിറമാകും; കാരണം വായുതന്മാത്രകളേക്കാള്‍ വലുപ്പം കൂടിയ പൊടിപടലങ്ങളില്‍ തട്ടി മറ്റു നിറങ്ങളും പ്രകീര്‍ണനം ചെയ്യപ്പെടും. അതുകൂടി ചേര്‍ന്നാലാണ് ചാരനിറമാവുക.

നിങ്ങള്‍ക്കും നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന സുഹൃത്തിനും ഇടയ്ക്ക് ഇത്തിരി ആകാശഭാഗം ഉണ്ട്. പക്ഷേ കനം കുറവായതുകൊണ്ട് അതിനു നീലനിറം ദൃശ്യമാകില്ല. എന്നാല്‍ നിങ്ങള്‍ക്കും ദൂരെയുള്ള മലകള്‍ക്കും ഇടയില്‍ നീളമേറിയ വായുമണ്ഡലം അഥവാ ആകാശഭാഗം ഉണ്ട്.

ആ ആകാശഭാഗത്തിന്റെ നീലിമയും മരംനിറഞ്ഞ മലകളുടെ പച്ചയും ചേര്‍ന്നാല്‍ ഒരു പുതിയ നീലിമ കടും നീല (deep blue) ഉണ്ടാകും. മലയുടെ നീലനിറം ആകാശത്തിന്റെ നീലയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. മലയുടെ ദൂരം കൂടുന്നതിനനുസരിച്ച് അതിന്റെ നിറം ആകാശനീലമയോടടുക്കും. അതുകൊണ്ടാണ് പശ്ചിമഘട്ട മലനിരകള്‍ കാണുമ്പോള്‍ പിന്നിലുള്ള മലകള്‍ മുന്നിലുള്ള മലകളേക്കാള്‍ കൂടുതല്‍ നീലയായി കാണപ്പെടുന്നത്. ഒരു മഴ കഴിഞ്ഞ് അന്തരീക്ഷത്തിലെ പൊടിയൊക്കെ അടങ്ങിയാല്‍ ആ നീലിമ ചേതോഹരമാവുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News