ഹൃദയങ്ങള്‍ക്ക് ആശ്വാസമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ്

തിരുവനന്തപുരം;51,000 രോഗികള്‍ക്ക് ആഞ്ചിയോഗ്രാം, ആഞ്ചിയോ പ്ലാസ്റ്റി എന്നിവ ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ കാത്ത് ലാബ് ഹൃദ്രോഗികള്‍ക്ക് ആശാകേന്ദ്രമാകുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് ഈ കാത്ത് ലാബ് നല്‍കുന്നത്.

24 മണിക്കൂറും വിശ്രമമില്ലാതെയാണ് ഈ കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം 3600 ആഞ്ചിയോപ്ലാസ്റ്റി, 170 പേസ് മേക്കര്‍, 50 ലേറെ ഹൃദയ സുഷിരമടയ്ക്കല്‍ എന്നിവ നടത്തി. ഇതുകൂടാതെ ഹൃദയ പേശികള്‍ക്ക് പ്രവര്‍ത്തന മാന്ദ്യം അനുഭവിക്കുന്ന രോഗികള്‍ക്ക് സി.ആര്‍ടി., കാര്‍ഡിയാക് അറസ്റ്റ് അനുഭവിക്കുന്ന രോഗികള്‍ക്ക് ഐ.സി.ഡി. ഇംപ്ലാന്റേഷന്‍ എന്നിവയും ഈ കാത്ത് ലാബ് വഴി നടത്തുന്നു.

ഇതുകൂടാതെ കാലുകളിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിച്ച് അതിയായ വേദനയും ഉണങ്ങാത്ത മുറുവുകളുമായി പ്രയാസപ്പെടുന്ന അനവധി പ്രമേഹ രോഗികള്‍ക്ക് കൈകാലുകള്‍ക്കുള്ള ആഞ്ചിയോപ്ലാസ്റ്റിയും ചെയ്യുന്നു. അങ്ങനെ അനവധി രോഗികള്‍ക്ക് വേദനാജനകമായ കാലുമുറിക്കല്‍ (ആമ്പ്യൂട്ടേഷന്‍) ഒഴിവാക്കാന്‍ സാധിക്കുന്നു.

1997 ലാണ് മെഡിക്കല്‍ കോളേജില്‍ ആദ്യ കാത്ത് ലാബ് സര്‍ക്കാര്‍ സ്ഥാപിച്ചത്. ഇത് കേടായതിനെ തുടര്‍ന്ന് 2009ല്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കാത്ത് ലാബ് ആരംഭിച്ചു. ഇന്ത്യയിലെ ഏതൊരു മുന്തിയ സ്വകാര്യ ആശുപത്രിയെയും വെല്ലുന്ന തരത്തിലുള്ളതാണ് ഇവിടത്തെ കാത്ത് ലാബ്. ഓരോ രോഗിക്കും കോര്‍പ്പറേറ്റ് ആശുപത്രികളില്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് വെയര്‍, മുന്തിയയിനം സ്റ്റെന്റുകള്‍, മരുന്ന് പുരട്ടിയ ബലൂണുകള്‍, റോട്ടാബ്ലേറ്റര്‍, എഫ്.എഫ്.ആര്‍., ഡിസ്‌പോസിബിള്‍ ഡ്രേപ്‌സുകള്‍, ഗൗണുകള്‍ എന്നിവായാണ് ഇവിടെയുപയോഗിക്കുന്നത്.

കാര്‍ഡിയോളജി വിഭാഗത്തിനായി രണ്ട് തീവ്ര പരിചരണ യൂണിറ്റുകളിലായി 21 കിടക്കകളുണ്ട്. കാത്ത് ലാബിലെ രോഗികളുടെ തീവ്രപരിചരണത്തിനായി കാത്ത് ലാബ് ഐ.സി.യുമുണ്ട്. ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി എന്നിവയ്ക്കുള്ള രോഗികളെ നേരിട്ട് അഡ്മിറ്റാക്കാനായി കെ.എച്ച്.ആര്‍.ഡബ്ലിയു.എസിന്റെ കീഴില്‍ 84 മുറികളുമുണ്ട്.

വര്‍ഷത്തില്‍ 365 ദിവസവും ഇടവേളകളില്ലാതെ 24 മണിക്കൂറും ഈ കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നു. കാര്‍ഡിയോളജി വിഭാഗം മേധാവിയുള്‍പ്പെടെ യൂണിറ്റ് മേധാവികളായ മറ്റ് സീനിയര്‍ പ്രൊഫസര്‍മാരുടേയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് എമര്‍ജന്‍സി ആഞ്ചിയോ പ്ലാസ്റ്റിയുള്‍പ്പെടെയുള്ള കേസുകള്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here