രമ്യ നമ്പീശന്‍ മുഖ്യസാക്ഷി? രണ്ടാഴ്ചയ്ക്കകം കുറ്റപത്രം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം. കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയാണ് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കുന്നത്.

നടിയുടെ അടുത്തസുഹൃത്തായ രമ്യ നമ്പീശനെ കേസില്‍ മുഖ്യസാക്ഷിയാക്കുമെന്നും സൂചനയുണ്ട്. അന്വേഷണസംഘം സാക്ഷിപ്പട്ടിക തയ്യാറാക്കി കഴിഞ്ഞെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

കേസുമായി ബന്ധപ്പെട്ട് രമ്യാ നമ്പീശനെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. രമ്യയുടെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയത്. ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് രമ്യയെ പൊലീസ് വിളിപ്പിച്ചത്. ഇതിനുശേഷം കുറെ ദിവസങ്ങള്‍ നടി തങ്ങിയതും രമ്യയ്‌ക്കൊപ്പം ആയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രമ്യയില്‍ നിന്ന് മൊഴിയെടുത്തതും മുഖ്യസാക്ഷിയാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചതും.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപും പള്‍സര്‍ സുനിയുമായി ചേര്‍ന്ന് പലസ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. നിലവില്‍ കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് സൂചന. എന്നാല്‍ കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

ഇതിനിടെ ദിലീപിന്റെ രണ്ടാം ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 22ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News