കേരളത്തിലേക്ക് ആര്‍എസ്എസും ബിജെപിയും കടന്നുവരാത്തതിന്റെ കാരണം കമ്യൂണിസ്റ്റ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി; ഇന്നത്തെ സാമൂഹികാവസ്ഥക്ക് അടിത്തറ പാകിയത് കമ്യൂണിസ്റ്റ് പാര്‍ട്ടി

ആലപ്പുഴ: കേരളത്തിലേക്ക് ആര്‍എസ്എസും ബിജെപിയും കടന്നുവരാത്തതിന്റെ കാരണം കമ്യൂണിസ്റ്റ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഇന്നത്തെ സാമൂഹികാവസ്ഥക്ക് അടിത്തറ പാകിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിലയുറപ്പിച്ചവരാണ് ആര്‍എസ്എസ് എന്നും പിണറായി വിജയന്‍ പറഞ്ഞു. പി കൃഷ്ണപിളള അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഖാവ് കൃഷ്ണപിളള അതുല്യവ്യക്തിത്വമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ നയവും വര്‍ഗീയ അജണ്ടയും നേരിടാന്‍ സഖാവ് കൃഷ്ണപിള്ളയുടെ ഓര്‍മ്മകള്‍ ശക്തി പകരും. സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ ഓര്‍മ ആവേശവും ഊര്‍ജവും പകരുന്നതാണ്. സഖാവ് എന്ന പദത്തിന്റെ പര്യായമായി കമ്മ്യൂണിസ്റ്റുകാരുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന പോരാളിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികളെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും അണിനിരത്തി സമരം നടത്തുന്നതില്‍ അസാമാന്യമായ മികവ് കാണിച്ച സഖാവായിരുന്നു കൃഷ്ണപിള്ള. അസാമാന്യ ധീരതയോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു സഖാവിന്റേത്. ഈ ധീരതയും ചങ്കുറപ്പും സഹപ്രവര്‍ത്തകര്‍ക്കും തൊഴിലാളി വര്‍ഗത്തിനും നല്‍കിയ ആവേശം ചെറുതല്ല.

ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ആള്‍രൂപമായിരുന്ന സഖാവ് തന്റെ ജീവിതം പാവപ്പെട്ടവന് വേണ്ടി ഹോമിച്ച ധീരനായ കമ്യൂണിസ്റ്റ് ആയിരുന്നുവെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News