ജെഡിയു നിതീഷ് കുമാര്‍ വിഭാഗം എന്‍ഡിഎയില്‍

ദില്ലി: നിതീഷ് കൂമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ഇനി ദേശീയതലത്തില്‍ എന്‍ഡിഎ ഘടകകക്ഷി. പട്‌നയില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹകസമിതി യോഗം എന്‍ഡിഎ പ്രവേശനം അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി.

ജെഡിയുവില്‍ അധികാരത്തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് നിതീഷ് കൂമാര്‍ വിളിച്ചു ചേര്‍ത്ത ദേശീയ നിര്‍വ്വാഹക സമിതി യോഗം എന്‍ഡിഎയുടെ ഭാഗമാകാനുള്ള തീരുമാനം പ്രമേയത്തിലൂടെ അംഗീകരിച്ചത്. എന്‍ഡിഎയില്‍ ചേരാനുള്ള ബിജെപിയുടെ ഔദ്യോഗിക ക്ഷണം അംഗീകരിച്ചതാടെ ജെഡിയു കേന്ദ്ര മന്ത്രിസഭയുടെ ഭാഗം കൂടിയാകും.

മഹാസഖ്യം ഉപേക്ഷിച്ച് നീതീഷ് കൂമാര്‍ ബിജെപി പാളയത്തിലേക്ക് പോയതിന് ശേഷം ആദ്യമായി ചേര്‍ന്ന നിര്‍വ്വാഹകസമിതി യോഗത്തില്‍ ശരരദ് യാദവ് ഉള്‍പ്പെടെയുള്ള വിമത നേതാക്കള്‍ പങ്കെടുത്തില്ല. പകരം ശരദ് യാദവിനെ പിന്തുണയ്ക്കുന്നവര്‍ പട്‌നയില്‍ സമാന്തര യോഗം ചേര്‍ന്ന് ഔദ്യോഗിക ജെഡിയു തങ്ങളാണെന്ന് പ്രഖ്യാപിച്ചു.

അതേസമയം, പാര്‍ട്ടിക്കും ചിഹ്നത്തിനുമായി അവകാശം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനും ശരദ് യാദവ് പക്ഷം തീരുമാനിച്ചു. നിര്‍വ്വാഹക സമിതി യോഗം നടന്ന നീതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ ശരദ് യാദവ് അനുകൂലികളും ആര്‍ജെഡി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. നിതീഷ് കുമാര്‍ ബീഹാര്‍ ജനതയെ വഞ്ചിച്ച് എന്നാരോപിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

അതേസമയം, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി ശരദ്് യാദവിനെ പുറത്താക്കാനുള്ള തീരുമാനം എടുക്കാത്തത് ശ്രദ്ധേയമായി. പുറത്താക്കിയാല്‍ വിപ്പ് ബാധകമാകാതിരിക്കുകയും ശരദ് യാദവിന് എംപിയായി തുടരാനും കഴിയും എന്നതിനാലാണ് നടപടി വേണ്ടെന്ന് വച്ചതെന്നാണ് സൂചന. ഇരുവിഭാഗങ്ങളും തമ്മിലൂള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് പട്‌നയില്‍ ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News