സംവിധായകന്റെ ഡിമാന്റ് അംഗീകരിച്ചു; ഷംന കാസിം നായികയായി മടങ്ങിയെത്തുന്നു

ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തയായ ഷംന കാസിം പിന്നീട് വെള്ളിത്തിരയിലെ മിന്നും താരമായി വളര്‍ന്നിരുന്നു. ചട്ടക്കാരിയിലെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയതാരമായും ഷംന മാറിയിരുന്നു. നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങിയെങ്കിലും വെള്ളിത്തിരയില്‍ നിന്ന് താരം അപ്രത്യക്ഷമാകുകയായിരുന്നു.

തന്നെ ചിലര്‍ ഒതുക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതര ആരോപണവുമായി ഷംന രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോല്‍ താരം ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. കൈ നിറയെ ചിത്രങ്ങളുമായി രണ്ടാം വരവിനുള്ള തയ്യാറെടുപ്പിലാണ് ഷംന. ആദ്യ ഘട്ടത്തില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ കുറവായിരുന്നെങ്കില്‍ ഇക്കുറി അഭിനയ സാധ്യത ഏറെയുള്ള വേഷങ്ങളാണ് കയ്യിലുള്ളത്.


കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന താരങ്ങളുടെ വാര്‍ത്തകള്‍ ഏറെയാണ്. ആമിര്‍ഖാനും വിക്രവും ഷാറുഖും ഒടിയനില്‍ മോഹന്‍ലാലുമെല്ലാം ഇത്തരം പ്രയത്‌നങ്ങളുടെ പേരിലും വാര്‍ത്തയായിട്ടുണ്ട്. ആ നിരയിലേക്കാണ് ഷംനയും ഇപ്പോള്‍ ചുവടുവെയ്ക്കുന്നത്. പുതിയ ചിത്രത്തിന് വേണ്ടി ഷംന കാസിം തല മൊട്ടയടിക്കാന്‍ പോലും മടികാട്ടിയില്ല.


കൊടി വീരന്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഷംന കാസിമിന്റെ മൊട്ടയടി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് നായിക മൊട്ടയടിക്കണമെന്നതായിരുന്നു സംവിധായകന്റെ ഡിമാന്റ്. അഭിനയ സാധ്യത മുന്നില്‍ കണ്ട ഷംന മൊട്ടയടിക്കാന്‍ സമ്മതം മൂളുകയായിരുന്നു. പൂര്‍ണ സന്തോഷത്തോടെയാണ് മൊട്ടയടിച്ചതെന്നും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണിതെന്നും താരം വ്യക്തമാക്കി. സംവിധായകനിലും തിരക്കഥയിലും തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ വിവരിച്ചു.


മുത്തയ്യയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പ്രമുഖ സംവിധായകന്‍ ശശികുമാര്‍ പ്രൊഡ്യൂസറിന്റെ കുപ്പായത്തിനൊപ്പം നായകനായും എത്തുന്നു. ഇവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷംന പറഞ്ഞു. തലമൊട്ടയടിച്ചത് ചിത്രത്തിലെ പ്രധാന രംഗമാണെന്ന് വ്യക്തമാക്കിയ താരം സസ്‌പെന്‍സായതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News