അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്; തീരുമാനം യുഡിഎഫ് ഭരണസമിതിയുടേത്; രേഖകള്‍ പരിശോധിക്കാന്‍ മൂന്നംഗ ഉപസമിതി

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ കൂടരഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി. ചട്ടലംഘനം നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം. പാര്‍ക്ക് പൂട്ടേണ്ടെന്ന തീരുമാനത്തെ ഭരണസമിതിയിലെ ആരും തന്നെ എതിര്‍ത്തില്ല.

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് പരിശോധിക്കണമെന്ന് അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഇതോടെ രേഖകള്‍ സംബന്ധിച്ച കൂടുതല്‍ പരിശോധനയ്ക്ക് മൂന്നംഗ ഉപസമിതിയെ നിശ്ചയിക്കുകയും ചെയ്തു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കാമെന്നും യോഗത്തില്‍ ധാരണയായി.

പാര്‍ക്കിന് അനുമതി നല്‍കിയതില്‍ ചട്ടവിരുദ്ധമായി യാതൊന്നും ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. അതിനാല്‍ തന്നെ പാര്‍ക്ക് പൂട്ടേണ്ടതില്ലെന്നും സെക്രട്ടറി പറഞ്ഞു.

പരിസ്ഥിതിലോല മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പാര്‍ക്ക് നിര്‍മിച്ചെന്നാണ് അന്‍വറിനെതിരായ ആരോപണം. എന്നാല്‍ എല്ലാ അനുമതിയും എന്‍ഒസിയും വാങ്ങിയാണ് പാര്‍ക്ക് ആരംഭിച്ചതെന്നാണ് അന്‍വര്‍ പറഞ്ഞത്. പാര്‍ക്കിന് ലൈസന്‍സ് ഉണ്ടെന്നതിനുള്ള എല്ലാ രേഖകളും കൈവശമുണ്ട്. ആര്‍ക്ക് വേണെങ്കിലും പരിശോധിക്കാവുന്നതാണ്. ഈ പാര്‍ക്കിലൂടെ കുറെ പാവങ്ങള്‍ക്ക് താന്‍ ജോലി നല്‍കിയിട്ടുണ്ട്. നാടിന്റെ വികസനം കൂടി കണക്കിലെടുത്താണ് പാര്‍ക്ക് ആരംഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

പാര്‍ക്കിന്റെ പേരില്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്ന മുരുകേശ് നരേന്ദ്രന്‍ എന്ന ആളിന് പിന്നില്‍ യുഡിഎഫാണെന്നും അന്‍വര്‍ എംഎല്‍എ പറഞ്ഞു. തന്നെ മാനസികമായും സാമ്പത്തികമായും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും പി.വി.അന്‍വര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News