അന്ധകാരകാലത്തിലേക്കുള്ള തിരിച്ചുപോക്കിനെയും മതാധിഷ്ഠിതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമത്തെയും ചെറുക്കണം: മുഖ്യമന്ത്രി

കൊച്ചി: ശാസ്ത്രചിന്തയെ കുറിച്ച് പറയുന്ന ഭരണഘടനയോട് കൂറു പ്രഖ്യാപിച്ച് അധികാരമേറ്റവര്‍, അതിനു വിരുദ്ധമായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഐതിഹ്യകഥകളും കെട്ടുകഥകളും പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോയകാലത്തെ അന്ധകാരങ്ങളെയും ജീര്‍ണാചാരങ്ങളെയും ചാതുര്‍വര്‍ണ്യത്തെയും തിരിച്ചു കൊണ്ടുവരാനും മതാധിഷ്ഠിതരാഷ്ട്രം സ്ഥാപിക്കാനും ശ്രമം നടക്കുന്ന ഇക്കാലത്ത് പ്രബുദ്ധത തിരികെ കൊണ്ടുവരാനുള്ള സംയുക്ത പോരാട്ടങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയ യുക്തിവാദി സംഘം ഏര്‍പ്പെടുത്തിയ എം.സി. ജോസഫ് സ്മാരക പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യജീവിതത്തെ ദുരിതങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും മോചിപ്പിക്കുകയെന്ന യുക്തിവാദത്തിന്റെ ലക്ഷ്യം സാര്‍ത്ഥകമാകുന്നതിന് സാമൂഹ്യമാറ്റത്തിനായുള്ള പ്രായോഗിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കണ്ണിചേരണം. സാമൂഹ്യ, രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാത്ത പ്രത്യേക അറയാക്കി യുക്തിവാദത്തെ നയിച്ചാല്‍ അത് കേവല യുക്തിവാദമായി പരിമിതപ്പെടും. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന് നല്‍കിയ സംഭാവനകളില്‍ മാത്രമായി പരിമിതപ്പെട്ടു നില്‍ക്കാതെ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കെതിരായ രാഷ്ട്രീയപോരാട്ടം കൂടിയായി യുക്തിവാദം വളരണമായിരുന്നു.

യുക്തിവാദചിന്തയും ജീവിതരീതിയും വെറും ആശയവാദമായി ഒതുങ്ങരുതെന്നും സാമൂഹ്യപരിവര്‍ത്തനത്തിനുള്ള രാഷ്ട്രീയ ആയുധമായി മാറണമെന്നുമുള്ള വിയോജിപ്പാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുവച്ചത്. ഇത് മുന്‍നിര്‍ത്തി ഇ.എം.എസും പവനനുമുള്‍പ്പെടെയുള്ളവര്‍ നടത്തിയ ആശയസംവാദം വിസ്മിക്കാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ജീവിതനില മെച്ചപ്പെടുത്താനുള്ള പോരാട്ടവുമായി കണ്ണിചേരാത്തിടത്തോളം യുക്തിവാദി പ്രസ്ഥാനത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News