യു പി ട്രെയിനപകടം; മരണം 23 ആയി,നൂറോളം പേർക്ക് പരുക്ക്, അട്ടിമറിയെന്നും സംശയം; അന്വേഷണം പ്രഖ്യാപിച്ചു

ദില്ലി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളംതെറ്റി മറിഞ്ഞ് 23 മരണം. അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. പുരി- ഹരിദ്വാര്‍- കലിംഗ ഉത്കല്‍ എക്സ്പ്രസാണ് മുസഫര്‍നഗറില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഖതൌലിയില്‍ അപകടത്തില്‍പെട്ടത്. 13 ബോഗി പാളംതെറ്റി. ശനിയാഴ്ച വൈകിട്ട് 5.45നായിരുന്നു ദുരന്തം. ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തേക്ക് എടുക്കാന്‍ കാലതാമസം നേരിട്ടു. ദുരന്തകാരണത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് റെയില്‍വേ വക്താവ് പറഞ്ഞു. എന്നാല്‍ 23 മരണം സ്ഥിരീകരിച്ചു. മൂന്ന് എസി കോച്ചുകളും 10 സ്ളീപ്പര്‍കോച്ചുകളുമാണ് പാളംതെറ്റിയത്.

ബോഗികള്‍ ഒന്നിനു പിറകെ മറ്റൊന്നായി കയറിക്കിടക്കുന്ന സ്ഥിതിയാണ്. യാത്രക്കാരെ രക്ഷിക്കാന്‍ ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് ലോഹഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടിവന്നു. മണിക്കൂറുകള്‍ക്കുശേഷമാണ് ആവശ്യത്തിനു ഗ്യാസ്കട്ടറുകള്‍ ലഭ്യമായത്. മതിയായ ശുശ്രൂഷ നല്‍കാനുള്ള ആശുപത്രിസൌകര്യങ്ങള്‍ അപകടമേഖലയില്‍ ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു.

മുസഫര്‍നഗറിലെ ഖതൌലി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടയുടന്‍ എമര്‍ജന്‍സിബ്രേക്കിടേണ്ടിവന്നതാണ് അപകടത്തിനു കാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റെയില്‍പാതയ്ക്ക് ഇരുവശത്തും വീടുകള്‍നിറഞ്ഞ പ്രദേശത്താണ് ട്രെയിന്‍ മറിഞ്ഞത്. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും ഉത്തര്‍പ്രദേശ് പൊലീസിന്റെയും സംഘങ്ങള്‍ സ്ഥലത്തെത്തി. ഭീകരപ്രവര്‍ത്തനവിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

പരിക്കേറ്റവരെ മീറത്ത് ലാലാലജ്പത് റായി മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യആശുപത്രികളിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുകയാണെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു ട്വിറ്ററില്‍ അറിയിച്ചു. റെയില്‍വേബോര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള സമിതി അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ സഞ്ജീവ് ബല്യനും മനോജ് സിന്‍ഹയും ദുരന്തസ്ഥലത്തെത്തി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ അപകടത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News