ദിതാണ് ബി ജെ പി; പ്രവര്‍ത്തകരില്‍ നിന്നും പണം തട്ടി നേതാവ്; അഞ്ചുകുടുംബങ്ങളില്‍നിന്ന് 17 ലക്ഷം തട്ടി ബിജെപി നേതാവ് മുങ്ങി

തിരുവനന്തപുരം: ബാങ്കില്‍ പണയംനല്‍കിയ വീട് പാവപ്പെട്ടവര്‍ക്ക് ലീസിന് നല്‍കി 17 ലക്ഷം തട്ടിയെടുത്ത് ബിജെപി നേതാവ് മുങ്ങി. ന്യൂനപക്ഷ മോര്‍ച്ച വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറിയും കാഞ്ഞിരംപാറ സ്വദേശിയുമായ വിഷ്ണുദേവനാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.കാഞ്ഞിരംപാറ ജങ്ഷനിലുള്ള ഇയാളുടെ വസ്തുവും വീടും വിവിധ ബാങ്കുകളില്‍ പണയപ്പെടുത്തി ഒന്നരക്കോടിയോളം രൂപ വായ്പയെടുത്തശേഷം പാവപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് ലീസിന് നല്‍കുകയായിരുന്നു.

ബാങ്കുകാര്‍ ജപ്തിക്കെത്തിയപ്പോഴാണ് ഈ കുടുംബങ്ങള്‍ ചതി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കി. കിടപ്പ് രോഗികള്‍, തട്ടുകടക്കച്ചവടക്കാര്‍ എന്നിവരാണ് തട്ടിപ്പിനിരയായത്. തന്റെയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള വസ്തുവും കെട്ടിടവും വിഷ്ണുദേവന്‍ ഈട് നല്‍കിയാണ് ബാങ്കുകളില്‍നിന്ന് വായ്പ തരപ്പെടുത്തിയത്. വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ഈ ഇനത്തില്‍ തനിക്ക് വന്‍തുക മാസവരുമാനമുണ്ടെന്നും ഇയാള്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചു. അഞ്ചുകുടുംബങ്ങളുടെയും പേരില്‍ വ്യാജ വാടകക്കരാറുണ്ടാക്കി ബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്തു.

വാടകയ്ക്ക് നല്‍കിയ വീടിന്റെ ഒരു ഭാഗത്താണ് വിഷ്ണുദേവനും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. വ്യാഴാഴ്ചയോടെ ഇവര്‍ മുങ്ങി. തൊട്ടുപിന്നാലെ റബ്‌കോബാങ്കില്‍നിന്ന് ഉദ്യോഗസ്ഥര്‍ ജപ്തിനടപടിക്കെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. മൂന്നുതവണ ജപ്തി നടപടിക്കൊരുങ്ങിയതാണെങ്കിലും വിഷ്ണുദേവന്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. നാലാംതവണ ഇയാള്‍ക്ക് 15000 രൂപ പിഴവിധിച്ച് കോടതിതന്നെ സ്റ്റേ നീക്കിയതോടെയാണ് ജപ്തിക്കുള്ള വഴിയൊരുങ്ങിയത്.

ജപ്തിനടപടികള്‍ ആരംഭിച്ചതറിഞ്ഞ് താമസക്കാരായ അഞ്ച് കുടുംബങ്ങള്‍ വ്യാഴാഴ്ച രാവിലെ ബാങ്കിലെത്തി. അപ്പോഴാണ് വ്യാജ വാടക കരാറിനെക്കുറിച്ചും കോടതി ഇടപെടലിനെക്കുറിച്ചും ഇവര്‍ അറിഞ്ഞത്. താമസക്കാരനായ കാഞ്ഞിരംപാറ സ്വദേശി മോഹനന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി ബാങ്കിനെതിരേ വിഷ്ണുദേവന്‍ കോടതിയേയും കബളിപ്പിച്ചതായും ബാങ്കുകാര്‍ പറയുന്നു. താമസക്കാരുടെ ദയനീയാവസ്ഥ മനസിലാക്കിയ ബാങ്ക് അധികൃതര്‍ വീട് ഒഴിഞ്ഞുപോകുന്നതിന് അഞ്ചുദിവസം അനുവദിച്ചു.

തങ്ങള്‍ നല്‍കിയ പണം തിരിച്ചുകിട്ടുന്നതിനും വിഷ്ണുദേവനെ പിടികൂടണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കി. ആകെയുള്ള സമ്പാദ്യം പണയപ്പെടുത്തിയാണ് വിഷ്ണുദേവന്റെ വീട് തട്ടിപ്പിനിരയായവര്‍ ലീസിനെടുത്തത്. വീട്ടില്‍നിന്നിറക്കിവിട്ടാല്‍ എങ്ങോട്ടുപോകുമെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

ചില സിനിമസീരിയലുകളില്‍ മുഖംകാണിച്ച വിഷ്ണുദേവന്‍ കഴിഞ്ഞ തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒത്താശയോടെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുടെ ഉറ്റ സുഹൃത്തുകൂടിയാണിയാള്‍. തട്ടിപ്പിനിരയായവരില്‍ സജീവ ബിജെപി പ്രവര്‍ത്തകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News