അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്റെ ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യ കേരളീയ വനിത; ജംഷീനയുടെ നേട്ടത്തിന് തിളക്കമേറെ

പാലക്കാട്; അമേരിക്കന്‍ഇന്ത്യന്‍ ഫൗണ്ടേഷന്റെ വില്യം ജെ ക്ലിന്റന്‍ ഫെലോഷിപ്പ് പാലക്കാട് പുതുനഗരം സ്വദേശിനിയായ ജംഷീനക്ക്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം നടത്തി കരിക്കുലം തയ്യാറാക്കാനാണ് ഫെലോഷിപ്പ് ലഭിച്ചത്. കേരളത്തില്‍ നിന്ന് അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്റെ ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യ വനിതയാണ് ജംഷീന.

അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള അപേക്ഷകരില്‍ ഇത്തവണ മുപ്പത് പേര്‍ക്കാണ് അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്റെ വില്യം ജെ ക്ലിന്റന്‍ ഫെലോഷിപ്പ് ലഭിച്ചത്. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ രീതികളെക്കുറിച്ച് പഠിക്കുന്നതിനും പുതിയ കരിക്കുലം തയ്യാറാക്കുന്നതിനുമാണ് ഫെലോഷിപ്പ് നല്‍കിയത്. കാഞ്ചീപുരത്തെ കറ്റയ്ക്കൂട്ടു സംഘം റെസിഡെന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോ. ഹാനിയുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കി ഇംഗ്ലീഷ് കരിക്കുലം തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം മൂന്ന് മുതല്‍ ആരംഭിക്കും.

വിദ്യാഭ്യാസമേഖലയില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ച ജംഷീനയ്ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതണമെന്നും ആഗ്രഹമുണ്ട്. പുതുനഗരത്തിലെ അബ്ദുള്‍ ജബ്ബാറിന്റെയും അധ്യാപികയായ ഷക്കീനയുടെയും മകളാണ് ജംഷീന. തിരുവന്തപുരം കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എംഎ ബിരുദം പൂര്‍ത്തിയാക്കിയ ജംഷീന പഠനകാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here