സംസ്ഥാനത്തെ ഓട്ടുകമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

തൃശൂര്‍: സെറാമിക് ടൈലുകളുടെ ഇറക്കുമതി വര്‍ധിച്ചതോടെ ഉത്പന്നങ്ങളുടെ വില്‍പന നടക്കാതെ സംസ്ഥാനത്തെ ഓട്ടു കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സെറാമിക് ടൈലുകള്‍ക്ക് ജി.എസ്.ടി പ്രകാരം ഇരുപത്തിയെട്ട് ശതമാനം നികുതി നല്‍കണമെന്നിരിക്കെ, റൂഫിംഗ് ടൈലുകള്‍ എന്ന ഗണത്തില്‍ പെടുത്തി കുറഞ്ഞ നികുതിയടച്ചാണ് വില്‍പന. തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കേരളത്തില്‍ നിന്നുള്ള ഓടുകള്‍ വില്‍പനയ്‌ക്കെടുക്കാത്തതും കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കളിമണ്ണിന്റെ ലഭ്യതക്കുറവും നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികളും മൂലം സംസ്ഥാനത്തെ ഓട്ടു കമ്പനികളില്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിയതിന് പിന്നാലെയാണ് അവശേഷിക്കുന്നവയ്ക്ക് കൂടി പൂട്ട് വീഴാനൊരുങ്ങുന്നത്. ജി.എസ്.ടി നടപ്പാക്കിയതിലെ പഴുതുകള്‍ രാജ്യാന്തര ലോബികള്‍ക്ക് സഹായകമായതോടെ പരമ്പരാഗത വ്യവസായത്തിന്റെ നട്ടെല്ലാണ് ഒടിയുന്നത്. സെറാമിക് ടൈലുകള്‍ക്ക് ഇരുപത്തിയെട്ട് ശതമാനം നികുതിയാണ് നല്‍കേണ്ടത്. എന്നാല്‍ പേര് മാറ്റി റൂഫിംഗ് ടൈലുകള്‍ എന്ന ഗണത്തില്‍ പെടുത്തി വില്‍പനയ്ക്ക് എത്തിക്കുന്നതിലൂടെ നികുതി അഞ്ച് ശതമാനം മാത്രമാകും. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ടൈലുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാകാന്‍ തുടങ്ങി.

കളിമണ്ണ് കിട്ടാത്തതിനാലും മറ്റ് പ്രതിസന്ധികള്‍ മൂലവും കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നൂറ്റിയെഴുപതിലധികം കമ്പനികള്‍ അടച്ചുപൂട്ടിയിരുന്നു. കേരളത്തില്‍ നിന്ന് ഏറ്റവുമധികം ഓട് വാങ്ങിയിരുന്ന തമിഴ്‌നാടും ഉപയോഗം കുറച്ചതോടെ രണ്ടര കോടി രൂപയുടെ ഓടുകളാണ് തൃശൂര്‍ ജില്ലയില്‍ മാത്രം കെട്ടി കിടക്കുന്നത്. കമ്പനികള്‍ ഉത്പാദനം നിര്‍ത്തിവെച്ചതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളാണ് പട്ടിണിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News