ഭരണാധികാരികള്‍ അന്ധവിശ്വാസങ്ങളുടെ പ്രചാരകരാകരുത്: മതനിരപേക്ഷതയ്ക്ക് ആര്‍എസ്എസ് വെല്ലിവിളിയാകുന്നു; പിണറായി

മുഹമ്മ: മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ മതനിരപേക്ഷസമൂഹം നിലനില്‍ക്കുന്നതിനാല്‍ ആര്‍എസ്എസ് എല്ലാ വിഭവങ്ങളുമുപയോഗിച്ച് സംസ്ഥാനത്തിനെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി കൃഷ്ണപിള്ള ദിനത്തില്‍ മുഹമ്മ കണ്ണര്‍കാട്ട് പുഷ്പാര്‍ച്ചന നടത്തിയശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയെയാണ് ആര്‍എസ്എസ് ലക്ഷ്യംവയ്ക്കുന്നത്. തങ്ങള്‍ ജീവിക്കുന്നതുപോലെ എല്ലാവരും ജീവിക്കണമെന്നു പറയുന്ന ഇവര്‍ ബഹുസ്വരതയെ തകര്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ എന്തു കഴിക്കണം, എന്തുവസ്ത്രം ധരിക്കണമെന്നുമെല്ലാം ആജ്ഞാപിക്കുന്നു. പലതരം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന ഇക്കൂട്ടരെ ചെറുത്തുതോല്‍പ്പിക്കണം.

സ്വാതന്ത്യ്രസമരകാലത്ത് രൂപംകൊണ്ട എല്ലാ സംഘടനകളും പല തരത്തില്‍ സ്വാതന്ത്യ്രസമരത്തെ സഹായിച്ചിരുന്നു. എന്നാല്‍,ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. അവര്‍ വൈസ്രോയിയോട് ചര്‍ച്ച നടത്തിയപ്പോള്‍ പറഞ്ഞത് തങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കും ഒരേതാല്‍പ്പര്യമാണ് എന്നായിരുന്നു.
കേരളം സമ്പന്നമല്ലെങ്കിലും അതീവസമ്പന്ന രാഷ്ട്രങ്ങള്‍ ഉണ്ടാക്കിയ സാമൂഹ്യനേട്ടം ഉണ്ടാകുന്നതിന് അടിത്തറയിട്ടത് 1957ലെ ഇഎംഎസ് സര്‍ക്കാരാണ്. അതിന് ഭൂപരിഷ്‌കരണമടക്കമുള്ള കാര്യങ്ങള്‍ സഹായിച്ചു.

കേരളത്തിലെ ജാതിവിവേചനത്തിനെതിരായ സമരത്തില്‍ ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും നേതൃത്വത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വലിയ പങ്കുവഹിച്ചു. നവോത്ഥാനം ശക്തമായതുകൊണ്ടുമാത്രം ജാതിവിവേചനം കുറയുമായിരുന്നെങ്കില്‍ ഇതിലും ശക്തമായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ വിവേചനം കുറയണമായിരുന്നു. എന്നാല്‍ കേരളത്തില്‍ ജാതിവിവേചനം ഇല്ലായ്മ ചെയ്യാനായത് പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു.

വഴിനടക്കാനും ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ അവകാശത്തിനും മനുഷ്യനായി ജീവിക്കാനുമുള്ള സമരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കി. കമ്യൂണിസ്റ്റുകാര്‍ കൃഷിഭൂമി കര്‍ഷകന് എന്നു പറഞ്ഞപ്പോള്‍ അതിനെ ഭ്രാന്തന്‍മുദാവാക്യമെന്ന് പറഞ്ഞ് പലരും പരിഹസിച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഓടിനടന്ന് തൊഴിലാളികളെ സംഘടിപ്പിച്ച കൃഷ്ണപിള്ള ഐക്യകേരളമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു.

കേരളത്തെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള കൂട്ടായ ശ്രമം സര്‍ക്കാര്‍ നടത്തുകയാണ്. അതിനാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപിച്ചത്. മണ്ണിനെ നശിപ്പിക്കുന്ന കൃഷിരീതി അവസാനിപ്പിക്കണം. സ്വന്തം വീട്ടില്‍ കിടന്നുറങ്ങുക ഏതൊരാളുടെയും ആഗ്രഹമാണ്. അങ്ങനെ അഭിമാനം നിറയുന്ന അഞ്ചുലക്ഷം കുടുംബങ്ങളാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി ഉടന്‍ ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News