ജാതി ചോദിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നവര്‍ എങ്ങനെ ഗുരുവിന്റെ പിന്മുറക്കാരാകും; പിണറായി

തിരുവനന്തപുരം; ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ പാലിക്കാതെ ഗുരുവിന്റെ പിന്മുറക്കാര്‍ എന്ന് പറയുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ജാതി ചോദിക്കരുതെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കിനെ ധിക്കരിച്ച് ജാതി പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നാണ് ഇത്തരക്കാരുടെ ചോദ്യമെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഗുരുചിന്തകളെ വഴിതെറ്റിക്കുന്ന ഇത്തരക്കാര്‍ക്ക് ഗുരുവായുള്ള ദൂരം എത്രയാണെന്ന് ഊഹിക്കാമെന്നും പിണറായി അഭിപ്രായപ്പെട്ടു.
ജാതിചിന്ത വെടിയണമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. സംവത്സരങ്ങള്‍ക്ക് മുന്പ് തന്നെ ഗുരു ജാതിചിന്ത വെടിഞ്ഞിരുന്നു. എന്നാല്‍ ഇത്രയും മഹാനായ ഗുരുവിനെ പോലും ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂടില്‍ ഒതുക്കാനുള്ള ശ്രമം നടക്കുകയാണ്. ഇത് തികച്ചും വേദനാജകനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തെക്കുറിച്ച് ജനങ്ങള്‍ സൂക്ഷമമായി ചിന്തിക്കണം. ഗുരുവിന്റെ നിലപാടുകളെ വക്രീകരിക്കുന്നവര്‍ക്ക് താക്കീതായി നമുക്ക് ജാതിയില്ലാ വിളബരം മാറണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും ആരാധന നടത്താനുള്ള അവസരം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. അന്ധവിശ്വാസങ്ങളുടെ കാലത്ത് ഗുരുവിന്റെ വാക്കുകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. പുരോഗമന ആശയത്തിന്റെ കേരളത്തിലെ ആദ്യ പ്രയോക്താവ് ശ്രീനാരായണ ഗുരുവായിരുന്നു. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിച്ച വ്യക്തിത്വമാണ് ഗുരുവിന്റേത്. അത് ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാവി വസ്ത്രം ധരിച്ച് അധികാരം പിടിച്ചെടുക്കാന്‍ ചില സന്യാസിമാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ ശിവഗിരിയിലെ സന്യാസിമാര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നമുക്ക് ജാതിയില്ലാ വിളംബര സ്മാരക മ്യൂസിയത്തിന് വര്‍ക്കല ശിവഗിരിയില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News