പി വി അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് വി എസ്; കുറ്റക്കാരെങ്കില്‍ നടപടിയെന്ന് മന്ത്രി ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ഭൂമി കൈയ്യേറിയെന്ന ആരോപണമുയര്‍ന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വി എസ് കത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം തോമസ് ചാണ്ടിയും പി വി അന്‍വറും അനധികൃത കയ്യേറ്റം നടത്തിയെന്ന് കണ്ടെത്തിയാല്‍ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്‍വിധികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളില്‍ റവന്യൂമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലാ കളക്ടര്‍മാരോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

നിയമവിരുദ്ധമായ എന്തെങ്കിലുമുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് ആരോപണം. കക്കാടും പൊയിലിലെ പി.വി. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മാണവും അനധികൃതമാണെന്നാണ് ആരോപണം.
അതേസമയം പിവി അന്‍വര്‍ എംഎല്‍എയുടെ കൂടരഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇന്നലെ തീരുമാനിച്ചിരുന്നു. ചട്ടലംഘനം നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം. പാര്‍ക്ക് പൂട്ടേണ്ടെന്ന തീരുമാനത്തെ ഭരണസമിതിയിലെ ആരും തന്നെ എതിര്‍ത്തിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News