ഫാന്‍ഫൈറ്റ്: മാപ്പ് ചോദിച്ച് തല അജിത്ത്

തമിഴ് ചലച്ചിത്രലോകത്ത് തുടരുന്ന ഫാന്‍ഫൈറ്റില്‍ പ്രതികരണവുമായി നടന്‍ അജിത്ത്കുമാര്‍. അജിത്തിന് വേണ്ടി അദ്ദേഹത്തിന്റെ ലീഗല്‍ ടീമാണ് പ്രതികരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അജിത്തിന് ഔദ്യോഗികമായി ആരാധകസംഘങ്ങളൊന്നുമില്ലെന്നും സോഷ്യല്‍മീഡിയ അഭിപ്രായങ്ങള്‍ അജിത്തിന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ”25 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കക്ഷി കൃത്യമായി നികുതിയടയ്ക്കുന്ന, അനേകം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്ന ഒരു പൗരനാണ്. ഒരു ദേശീയ, പ്രാദേശിക പാര്‍ട്ടികളുമായും അദ്ദേഹത്തിന് ബന്ധമില്ല.”

”വ്യക്തിപരമായ രാഷ്ട്രീയബോധ്യത്തിനനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുന്ന അദ്ദേഹം അക്കാര്യത്തില്‍ ആരാധകരെയുള്‍പ്പെടെ മറ്റാരെയും സ്വാധീനിക്കാന്‍ ശ്രമിക്കാറില്ല. നിലവില്‍ ഒരു ബ്രാന്റിന്റെയും ഉല്‍പ്പന്നത്തിന്റെയും കോര്‍പറേഷന്റെയും അസോസിയേഷന്റെയും പ്രചാരകനല്ല അദ്ദേഹം.”

”ഇത്രകാലത്തെ സിനിമാ ജീവിതത്തില്‍ പിന്തുണ നല്‍കിയ യഥാര്‍ഥ ആരാധകര്‍ക്കും സിനിമാ പത്രപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കും പൊതുജനത്തിനും നന്ദി അറിയിക്കുമ്പോള്‍ത്തന്നെ ഞങ്ങളുടെ കക്ഷിക്ക് ഔദ്യോഗികമായി ആരാധകസംഘങ്ങളൊന്നുമില്ലെന്നും അറിയിക്കുന്നു.”

”ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും ഞങ്ങളുടെ കക്ഷിക്ക് ഔദ്യോഗിക പേജോ അക്കൗണ്ടോ ഇല്ല. എന്നാല്‍ സ്വയം പ്രഖ്യാപിതരായ ചില വ്യക്തികളും സംഘങ്ങളും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ അവരുടെ വ്യക്തിഗത അഭിപ്രായങ്ങള്‍ ഞങ്ങളുടെ കക്ഷിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരക്കാര്‍ സിനിമാ മേഖലയിലുള്ളവരെയും പത്രപ്രവര്‍ത്തകരെയും നിരൂപകരെയുമൊക്കെ പരിഹസിക്കുന്നുണ്ട്. അത്തരക്കാരെ തിരിച്ചറിയേണ്ടതുണ്ട്.”

”തന്റെ പേരുപയോഗിച്ച് മറ്റുള്ളവര്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുള്ളപക്ഷം അതില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നതായി ഞങ്ങളുടെ കക്ഷി അറിയിക്കുന്നു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News