ബിജെപി നേതാവിന്റെ ക്രൂരത ഈ പാവങ്ങളോട്; വിഷ്ണുദേവന്റെ തട്ടിപ്പിനിരയായവരില്‍ ക്യാന്‍സര്‍ രോഗിയും വിധവയും ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയും

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ ബിജെപി നേതാവിന്റെ തട്ടിപ്പിനിരയായവരില്‍ ക്യാന്‍സര്‍ രോഗിയും വിധവയും ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയും. വീട് ഒഴിയാന്‍ ബാങ്ക് അധികൃതര്‍ അനുവദിച്ച കാലാവധി കഴിയാറായതോടെ തട്ടിപ്പിന് ഇരയായവര്‍ അങ്കലാപ്പിലാണ്. പൊലീസിന്റേയും അധികൃതരുടെയും അടിയന്തര ഇടപെടലിലാണ് ഇനി ഇവരുടെ പ്രതീക്ഷ.

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വിഷ്ണുദേവന്‍

ബിജെപി ന്യൂനപക്ഷ മോര്‍ച്ച വട്ടിയൂര്‍ക്കാവ് മണ്ഡലം ജനറല്‍ സെക്രട്ടറി കാഞ്ഞിരംപാറ വിഷ്ണുദേവനാണ് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയിരിക്കുന്നത്. വ്യാജ രേഖകള്‍ നല്‍കി വിവിധ ബാങ്കുകളില്‍നിന്ന് ഒന്നരക്കോടിയോളം രൂപ തരപ്പെടുത്തിയ ശേഷം അതേ വീട് ലക്ഷങ്ങള്‍ ഈടാക്കി അഞ്ച് കുടുംബങ്ങള്‍ക്ക് വിവിധ ഭാഗങ്ങളായി തിരിച്ച് ലീസിന് നല്‍കുകയായിരുന്നു.

രണ്ടുമുതല്‍ നാലര ലക്ഷംവരെ ഇടാക്കിയാണ് ലീസിന് നല്‍കിയത്.കാഞ്ഞിരംപാറ സ്വദേശികളായ മുംതാസ്, സഹോദരി അഷറഫ ബീവി, കലാശ്രീകുമാര്‍, പ്രഭ, മോഹനന്‍ എന്നിവരും കുടുംബവുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിനിരയായവരില്‍ ക്യാന്‍സര്‍ രോഗിയും വിധവയും ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയും. കൂലിവേല ചെയ്തും തട്ടുകടനടത്തിയും സ്വരുക്കൂട്ടിയ തുക നല്‍കി വീട് ലീസിനെടുത്തവര്‍ താല്‍കാലികമായെങ്കിലും ഒരു കിടപ്പാടം ലഭിച്ച സന്തോഷത്തിലായിരുന്നു.

എന്നാല്‍ തങ്ങള്‍ വലിയൊരു ചതിക്കുഴിയിലാണ് വീണതെന്നറിഞ്ഞ് തകര്‍ന്നിരിക്കുകയാണ് ഇവര്‍.സ്വന്തമായി സ്ഥലവും വീടും സ്ഥിര വരുമാനവും ഇല്ലാത്തവരാണ് ഇവരെല്ലാം. സിനിമാ സീരിയല്‍ നടന്‍, പാരല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഇതിനെല്ലാം പുറമേ ബിജെപിയുടെ ഉന്നതനായ പ്രാദേശിക നേതാവ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വിഷ്ണുദേവന്‍ തങ്ങളെ ചതിക്കുമെന്ന് ഇവര്‍ കരുതിയിരുന്നില്ല.

സ്വകാര്യകമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഷാനവാസ് തന്റെ ഭിന്നശേഷികാരിയായ മകളുടെ സുരക്ഷയെ കരുതിയാണ് ലക്ഷങ്ങള്‍ കൊടുത്ത് വീട് പണയത്തിനെടുത്തത്. മറ്റൊരു താമസക്കാരിയായ കല, ഭര്‍ത്താവ് ശ്രീകുമാറിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന ഇവര്‍ സ്വകാര്യസ്ഥാപനത്തിലെ താല്‍കാലിക ജോലിയിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ടാണ് രണ്ടുമക്കളെ പോറ്റുന്നത്.

ബിജെപി നേതാവായ വിഷ്ണുദേവനെതിരെ ലീസ് തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസ് എടുക്കാന്‍ തയാറായിരുന്നില്ല. പിന്നീടിവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയശേഷമാണ് പൊലീസ് അനുഭാവപൂര്‍ണമായ നിലപാട് ഉണ്ടായത്. ബിജെപി അനുകൂലികളായ ചില പൊലീസുകാരുടെ സഹായം ലഭിക്കുന്നതുകൊണ്ടാണ് വിഷ്ണുദേവന്റെ അറസ്റ്റ് വൈകുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

വീട് ഒഴിയാന്‍ ബാങ്ക് അധികൃതര്‍ അനുവദിച്ച കാലാവധി കഴിയാറായതോടെ ഇവര്‍ അങ്കലാപ്പിലാണ്. പൊലീസിന്റേയും അധികൃതരുടെയും അടിയന്തര ഇടപെടലിലാണ് ഇനി ഇവരുടെ പ്രതീക്ഷ. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളും ഇയാളുടെ അടുപ്പക്കാരായിരുന്നു വിഷ്ണുദേവന്‍.

നഗരത്തിലെ പല ബിജെപി കൗണ്‍സിലര്‍മാരും ഇയാളുടെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. നേതാക്കളുടെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവന്നിട്ടും ബിജെപി ജില്ലാ നേതൃത്വം മൗനത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here