കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് കേരള സര്‍വ്വകലാശാല വിസി; സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ ഇഷ്ടക്കാരനെ നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം: കീഴ്‌വഴക്കം ലംഘിച്ച് കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് സെക്യൂരിറ്റി ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള വിസിയുടെ നീക്കത്തിനെതിരെ പരാതി. നിയമനത്തിന്റെ ഭാഗമായുള്ള ഇന്റര്‍വ്യൂ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ.എ.എ റഹീം ആണ് വിസിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സെക്യൂരിറ്റി ഓഫീസറെ നിയമിക്കാതെ ഇഷ്ടക്കാര്‍ക്ക് ജോലികൊടുക്കാനുള്ള നീക്കമാണ് വൈസ് ചാന്‍സിലര്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

സര്‍വ്വകലാശാലയുടെ പാളയത്തിലെയും കാര്യവട്ടത്തെയും ഓഫീസുകളില്‍ രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാരുടെ തസ്തികയാണ് ഉള്ളത്. സര്‍വ്വകലാശാലയുടെ കീഴ്‌വഴക്കം അനുസരിച്ച്, പൊലീസില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്െപക്ടര്‍ റാങ്കിലും ഡിവൈഎസ്പി റാങ്കിലും കുറയാത്ത ഉദ്ദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ പാളയത്തും കാര്യവട്ടത്തും നിയമിക്കാറായിരുന്നു പതിവ്. എന്നാല്‍ ഇത് കാറ്റില്‍പറത്തി ഒഴിവുവന്ന ഒരു സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ആളെ നിയമിക്കാനാണ് വൈസ് ചാന്‍സിലര്‍ തകൃതിയായ നീക്കം നടത്തുന്നത്.

നിയമനം നടത്താനായി കഴിഞ്ഞ 10-ാം തീയതി സെലക്ഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും അന്ന് തന്നെ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ നല്‍കുകയും ചെയ്തു. അപേക്ഷ നല്‍കേണ്ട അവസാന തീയതി 16.8.17 ആയിരുന്നു. ആകെ ലഭിച്ച മൂന്നു അപേക്ഷകളില്‍ രണ്ടു പേരുടെ അപേക്ഷ, സെലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ച മതിയായ യോഗ്യതയില്ലെന്ന കാരണത്താല്‍ തള്ളി. അവശേഷിക്കുന്ന ഒരാള്‍ക്ക് നിയമനം നല്‍കാനായി ഇന്ന് ഇന്റര്‍വ്യൂവും നടക്കുന്നുണ്ട്.

അതേസമയം, വിസിയുടെയും പ്രൊ.വിസിയുടെയും സ്വന്തക്കാരനായ വ്യക്തിയെ നിയമിക്കാനാണ് ഇങ്ങനെ കീഴ്‌വഴക്കം ലംഘിച്ച് നിയമനം നടത്തുന്നതെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്‍വീനറുമായ അഡ്വ.എ.എ.റഹീം വിസിക്ക് പരാതി നല്‍കിയത്. ഇന്റര്‍വ്യൂ റദ്ദാക്കണമെന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഉദ്ദ്യോഗസ്ഥനെ നിയമിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. 22ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ ഇഷ്ടക്കാരനെ നിയമിക്കാനാണ് വിസിയുടെ നീക്കമെന്നും എ.എ.റഹീം ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News