കേന്ദ്രത്തിന്റെ ജനവിരുദ്ധ ആരോഗ്യനയത്തിന് കേരളം മറുപടി നല്‍കുന്നു; അതാണ് ആര്‍ദ്രം മിഷന്‍

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളും രോഗീ സൌഹൃദ ആശുപത്രികളുമാക്കി ഗുണമേന്മയുള്ള ആരോഗ്യസേവനം ഉറപ്പാക്കുന്ന ആര്‍ദ്രംമിഷന് ചിങ്ങം ഒന്നിന് തുടക്കമായി. ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് മിഷന്‍ നടപ്പാക്കുക. അടുത്തവര്‍ഷം 500 ഇടത്തും തുടര്‍ന്ന് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും (പിഎച്ച്സി) പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി പിഎച്ച്സികളില്‍ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം മൂന്നായി വര്‍ധിപ്പിക്കും.

ഒപി സമയം വൈകിട്ട് ആറുവരെയാക്കും. രക്തപരിശോധനയ്ക്കുള്ള ലാബ് സൌകര്യവും എല്ലാ അവശ്യമരുന്നുകളും പ്രത്യേകിച്ച് പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ക്കുള്ളവ ലഭ്യമാക്കും. പിഎച്ച്സിയുടെ പരിധിയില്‍വരുന്ന കുടുംബങ്ങളിലെ അംഗങ്ങളുടെ ആരോഗ്യനിലവാരം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍കൊണ്ടുവന്ന് സമഗ്രമായ രോഗപ്രതിരോധവും  ചികിത്സയും ഉറപ്പാക്കാനും ആര്‍ദ്രംപദ്ധതി ലക്ഷ്യമിടുന്നു.

പ്രാഥമികാരോഗ്യസേവനം എന്ന ആശയത്തിന് ഇടക്കാലത്തുണ്ടായ തിരിച്ചടിയും സമീപകാലത്ത് വളര്‍ന്നുവരുന്ന സ്വീകാര്യതയും പരിഗണിക്കുമ്പോള്‍ സാര്‍വദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന സംരംഭത്തിനാണ് കേരളം തുടക്കംകുറിക്കുന്നത്.

1978ല്‍ അന്നത്തെ സോവിയറ്റ് യൂണിയനിലെ  അല്‍മ അട്ടയില്‍ ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച കോണ്‍ഫറന്‍സിലാണ് പ്രാഥമികാരോഗ്യ സേവനത്തെ സംബന്ധിച്ചുള്ള ആശയം ലോകരാജ്യങ്ങള്‍ അംഗീകരിച്ചത്.  ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലും ജനകീയാരോഗ്യ പ്രവര്‍ത്തകനുമായിരുന്ന ഹാല്‍ഫ്ഡെന്‍ മാലെറാണ്  Halfden Mahler: 1923- 2016 പ്രാഥമികാരോഗ്യസേവനം എന്ന ആശയത്തിന്റെ പ്രയോക്താവ്. രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം എന്നതായിരുന്നു അല്‍മ അട്ട പ്രഖ്യാപനം.

ആരോഗ്യരംഗത്ത് മേധാവിത്തം വഹിച്ചിരുന്ന മാമൂല്‍സമീപനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് അല്‍മ അട്ട പ്രഖ്യാപനം അവതരിപ്പിച്ചത്. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യമേഖലയ്ക്കു പുറത്തുള്ള സമൂഹ്യ- സാമ്പത്തിക ഘടകങ്ങളുമായുള്ള ബന്ധം അംഗീകരിച്ചുവെന്നതാണ് ഈ സമീപനത്തിന്റെ സവിശേഷത.

സമ്പത്തിന്റെ പുനര്‍വിതരണം, വിദ്യാഭ്യാസനിലവാരം ഉയര്‍ത്തല്‍, ആഹാരലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയിലൂടെമാത്രമേ എല്ലാവര്‍ക്കും ആരോഗ്യം നേടിയെടുക്കാനാവൂ എന്ന് അല്‍മ അട്ട പ്രഖ്യാപനത്തില്‍ സൂചിപ്പിക്കുന്നു. ദാരിദ്യ്രം നിര്‍മാര്‍ജനംചെയ്യാതെ ഈ ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാനാകില്ലെന്നു വ്യക്തമാണ്. ഭൂരിപക്ഷം ജനങ്ങള്‍ക്കും ആഹാരലഭ്യത ഉറപ്പുവരുത്തുന്നതിനായി ഭൂവുടമാ ബന്ധങ്ങളില്‍ മാറ്റം വരുത്തേണ്ടതാണെന്ന് അല്‍മ അട്ട പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടും അവര്‍ക്ക് പ്രയോജനകരമാകുംവിധവുംവേണം പ്രാഥമികാരോഗ്യസേവനം നടപ്പാക്കാന്‍. ആരോഗ്യമേഖലയിലെ നയരൂപീകരണത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു പങ്കും വഹിക്കാനില്ലെന്നും അത് പ്രത്യേകം പരിശീലനം കിട്ടിയ വിദഗ്ധര്‍ നിര്‍വഹിച്ചുകൊള്ളുമെന്നത് പരമ്പരാഗത സമീപനത്തില്‍ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ്. ഇതേപോലെതന്നെ വ്യത്യസ്തമാണ് ഭൂരിപക്ഷം ജനങ്ങളുടെയും ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രാഥമികാരോഗ്യസേവനത്തിലൂടെ താഴെതലത്തില്‍നിന്നുതന്നെ ആരംഭിക്കേണ്ടതാണെന്ന സമീപനവും.

ആരോഗ്യരംഗത്ത് മേധാവിത്തം വഹിക്കുന്ന കേവലം രോഗചികിത്സയെമാത്രം അടിസ്ഥാനമാക്കിക്കൊണ്ടുള്ളതും നഗരാഭിമുഖ്യമുള്ളതും സ്ഥാപനവല്‍ക്കൃതവുമായ ചെലവേറിയ വികസനനയത്തിന് നേരെ വിരുദ്ധമായ പരിപ്രേക്ഷ്യമാണിത്. ആരോഗ്യമേഖലയുടെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തംവികസനത്തിനുള്ള  പരിപ്രേക്ഷ്യമാണ് അല്‍മ അട്ട പ്രഖ്യാപനം മുന്നോട്ടുവച്ചത്. ആരോഗ്യം ജനങ്ങളുടെ മൌലികാവകാശമാണെന്നും അല്‍മ അട്ട പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അല്‍മ അട്ട പ്രഖ്യാപനത്തെതുടര്‍ന്ന് 1970കളിലും 80കളിലും നിരവധി വികസ്വരരാജ്യങ്ങള്‍ ജനകീയ ആരോഗ്യനയം നടപ്പാക്കി. വിദ്യാഭ്യാസം, ശുദ്ധജലം, പാര്‍പ്പിടം തുടങ്ങിയവ  ലഭ്യമാക്കിക്കൊണ്ടും പ്രാഥമികാരോഗ്യ സേവനപദ്ധതി നടപ്പാക്കിക്കൊണ്ടുമാണ് ഈ രാജ്യങ്ങള്‍ ജനങ്ങളുടെ പ്രത്യേകിച്ച് പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ആരോഗ്യം മെച്ചപ്പെടുത്തിയത്.

പല രാജ്യങ്ങളിലും ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ക്കു പുറമെ പൊതു സാമൂഹ്യമാറ്റത്തിനുള്ള ആവശ്യം താഴെത്തട്ടില്‍നിന്ന് ഉയര്‍ന്നുവരാന്‍ തുടങ്ങി. സ്വാഭാവികമായും പല ജനവിരുദ്ധ സര്‍ക്കാരുകളെയും ഉദ്യോഗസ്ഥ വൃന്ദങ്ങളെയും വൈദ്യരംഗത്തെ സ്ഥാപിതതാല്‍പ്പര്യക്കാരെയും മാറ്റത്തിനായുള്ള ജനകീയസമ്മര്‍ദങ്ങള്‍ അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു.

1980കളാകുമ്പോഴേക്കും അല്‍മ അട്ട പ്രഖ്യാപനത്തിന്റെ അന്തസ്സത്തയ്ക്കെതിരായി ഐക്യരാഷ്ട്ര സംഘടനയുടെതന്നെ മറ്റൊരു ഉപഘടകമായ യുനിസെഫ് പുതിയ ചില കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങി.  സമഗ്രമായ പ്രാഥമികാരോഗ്യ സേവനത്തില്‍നിന്ന് പരിമിതമായ പ്രാഥമികാരോഗ്യ സേവനം (Selective Primary Health Care)  എന്ന ആശയം യുനിസെഫ് മുന്നോട്ടുവച്ചു.

ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ സാമൂഹ്യ സാമ്പത്തിക ഘടകങ്ങളില്‍നിന്നു മാറി മാതൃശിശുസംരക്ഷണം തുടങ്ങിയ ചില പരിമിതമായ ഇടപെടലുകളാണ് യുനിസെഫ് മുന്നോട്ടുവച്ചത്. സമൂഹത്തിന്റെയാകെ ആരോഗ്യം നിലനിര്‍ത്താന്‍ സമഗ്രമായ സാമൂഹ്യമാറ്റം ആവശ്യമാണെന്ന അല്‍മ അട്ട സമീപനത്തില്‍നിന്നുള്ള വ്യതിയാനമായിരുന്നു പരിമിതമായ പ്രാഥമികാരോഗ്യസേവനം എന്ന ആശയം.

1980കളില്‍ അന്താരാഷ്ട്ര ധനസ്ഥാപനങ്ങളായ അന്താരാഷ്ട്രനാണയ നിധിയും ലോകബാങ്കും ആരോഗ്യകാര്യങ്ങളില്‍ വികസ്വരരാജ്യങ്ങളിലെ സേവനമേഖലകളില്‍ ഇടപെടാനും ഭരണരംഗത്ത് വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും തുടങ്ങി. അന്താരാഷ്ട്ര കടബാധ്യതയില്‍നിന്ന് രക്ഷപ്പെടുന്നതിനായി വികസ്വരരാജ്യങ്ങള്‍  റവന്യൂ ചെലവ് കുറയ്ക്കേണ്ടതാണെന്നും അതിലേക്കായി ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ധാന്യവിളകളുടെ സ്ഥാനത്ത് കയറ്റുമതിക്ക് ആവശ്യമായ നാണ്യവിളകള്‍ കൂടുതലായി കൃഷിചെയ്യണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനഫീസ് ഈടാക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു.  സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ നിര്‍ബന്ധിതരായ പല വികസ്വരരാജ്യങ്ങളും ഇവരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കി.

അന്താരാഷ്ട്ര ധനസ്ഥാപങ്ങളുടെ നവലിബറല്‍ സാമ്പത്തികനയങ്ങള്‍  നടപ്പാക്കാന്‍ തുടങ്ങിയ ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വികസ്വരരാജ്യങ്ങളില്‍ ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധി നേരിടാന്‍ തുടങ്ങി. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ ഫലമായി പ്രതിവര്‍ഷം 60 ദശലക്ഷം ശിശുമരണം സംഭവിക്കുന്നതായി യുനിസെഫ് വിലയിരുത്തി. 1995ല്‍ ഗാട്ടിന്റെ General Agreement on Tariff and Trade : GATT  സ്ഥാനത്ത് രൂപീകരിച്ച ലോകവ്യാപാര സംഘടന(World Trade Organisation),- {Sn]vkv (TRIPS: Trade Related Aspects of Intellectual Property Rights)  എന്നിവയുടെ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരാന്‍ തുടങ്ങി. 2005ല്‍ ലോകവ്യാപാരസംഘടനയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ മാറ്റംവരുത്തി.

അതോടെ സ്വാതന്ത്യ്രലബ്ധിക്കുശേഷം ഗുണനിലവാരമുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലോകമെമ്പാടും മാര്‍ക്കറ്റ് ചെയ്ത് വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ഖ്യാതി സമ്പാദിച്ച ഇന്ത്യന്‍ ഔഷധമേഖല ഗുരുതരമായ പ്രതിസന്ധി നേരിടാന്‍ തുടങ്ങി. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ സൃഷ്ടിച്ച അമിതവും അനിയന്ത്രിതവുമായ സ്വകാര്യവല്‍ക്കരണംമൂലം ആരോഗ്യച്ചെലവ് വികസ്വരരാജ്യങ്ങളില്‍ മാത്രമല്ല വികസിതരാജ്യങ്ങളിലും കുതിച്ചുയരാന്‍ തുടങ്ങി. കേരളത്തിലെ ആദിവാസികളെപ്പോലെ ലോകമെമ്പാടുമുള്ള പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെ ആരോഗ്യസ്ഥിതി കൂടുതല്‍ ശോചനീയമായി മാറി.

ആരോഗ്യമേഖലയിലുണ്ടായ സമീപകാല പ്രതിസന്ധികള്‍ പല ലോകരാജ്യങ്ങളെയും ഐക്യരാഷ്ട്ര സംഘടനയെയും ലോകാരോഗ്യ സംഘടനയെയും മറ്റും  ഒരു പുനര്‍ചിന്തയ്ക്കും വിധേയമാക്കി. ലോകാരോഗ്യ സംഘടന നിയോഗിച്ച കമീഷന്‍ ആരോഗ്യം നിര്‍ണയിക്കുന്ന സാമൂഹ്യ  ഘടകങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് 2008ല്‍ (Commission on Social Determinants of Health)   സമര്‍പ്പിച്ചു. സമഗ്ര പ്രാഥമികാരോഗ്യസേവനത്തിന് മറ്റെന്നെത്തേക്കാളും ഇക്കാലത്ത് പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ചുള്ള ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്   (Primary Health Care: Now More than Ever) ഇതേവര്‍ഷം പ്രസിദ്ധീകരിച്ചു. അല്‍മ അട്ട കാലഘട്ടത്തിനുശേഷം ഒരു രണ്ടാം പ്രാഥമികാരോഗ്യ വിപ്ളവം(Second Primary Health Care Revolution)   ആരംഭിച്ചിരിക്കുന്നു എന്ന തോന്നല്‍ ഈ സംഭവവികാസങ്ങളെല്ലാം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ പ്രാഥമികാരോഗ്യ സേവനത്തിലേക്ക് തിരികെ പോകാന്‍ ശ്രമിച്ചുവരികയാണ്.

സമഗ്രമായ പ്രാഥമികാരോഗ്യ സേവന പരിപ്രേക്ഷ്യം കൂടുതല്‍ വികസിപ്പിച്ച്  സാര്‍വത്രിക ആരോഗ്യസേവനം Universal Health Care ലഭ്യമാക്കുക എന്ന വീക്ഷണമാണ് ഇപ്പോള്‍ വ്യാപകമായി   ചര്‍ച്ചചെയ്യപ്പെട്ടുവരുന്നത്. സാമ്പത്തികബാധ്യതയില്ലാതെ എല്ലാവര്‍ക്കും സൌജന്യവും സാര്‍വത്രികവുമായ ആരോഗ്യസേവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനു പകരമായി സ്വകാര്യമേഖലയ്ക്ക് പൊതുമേഖലയെ തീറെഴുതിക്കൊടുക്കാന്‍ ഉദ്ദേശിച്ചുള്ള പൊതുസ്വകാര്യ പങ്കാളിത്തത്തോടുകൂടിയ  ആരോഗ്യനയം നടപ്പാക്കാനാണ്  കേന്ദ്രസര്‍ക്കാര്‍  ശ്രമിക്കുന്നത്.

പ്രാഥമികാരോഗ്യ സേവനത്തിന്റെ രണ്ടാംവരവിന് സാര്‍വദേശീയ അംഗീകാരം ലഭിച്ചുവരുന്ന ലോകസാഹചര്യത്തിലാണ് കേരളത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള  ആര്‍ദ്രം മിഷന്‍ എന്ന ജനകീയ സംരംഭം ആരംഭിച്ചിട്ടുള്ളതെന്നത് പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ആരോഗ്യനയത്തിനുള്ള  കേരളത്തിന്റെ ശക്തമായ മറുപടികൂടിയാണിത്. മുതലാളിത്തത്തിനും നവലിബറല്‍ വികസനനയങ്ങള്‍ക്കും പകരമുള്ള ശക്തമായ ഇടതുപക്ഷ ജനാധിപത്യ ബദല്‍കൂടിയായി ആര്‍ദ്രംമിഷനെ വിലയിരുത്തേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News