ഞങ്ങളൊക്കെ ഇവിടെയുണ്ട്; കാവിവത്കരണം നടക്കില്ല; സംഘപരിവാറിനും വെള്ളാപ്പള്ളിക്കും സ്വാമി ഋതംബരാനന്ദയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കൈരളി പീപ്പിളിന്റെ ന്യൂസ് ആന്റ് വ്യൂസിലാണ് ശിവഗിരിമഠം മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന സ്വാമി ഋതംബരാനന്ദ കാവിവത്കരണത്തിനെതിരെ ആഞ്ഞടിച്ചത്. ശിവഗിരിയിലെ ചില സന്ന്യാസിമാര്‍ കാവി വസ്ത്രമണിഞ്ഞ് ഗുരുദര്‍ശനങ്ങളില്‍ നിന്നുപോലും അകന്നുപോകുന്നതായും ഗുരുവിന്റെ വിശ്വമാനവികതയെന്ന ആശയത്തെ വക്രീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഗുരുദേവന്റെ ‘നമുക്ക് ജാതിയില്ല` വിളംബരത്തിന്റെ നൂറാം വര്‍ഷാചരണത്തിന്റെ ഭാഗമായി ശിവഗിരിയില്‍ നടത്തിയ പ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശനെയും സംഘപരിവാറിനെയും പേരെടുത്തു പറയാതെ വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകളെ ഏറെ ഗൗരവത്തോടെ കാണണമെന്നാണ് സ്വാമി ഋതംബരാനന്ദയുടെ നിലപാട്.

ശിവഗിരിയിലെ സന്ന്യാസിമാരുടെ പാരാഥമിക ദൗത്യം ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയെന്നാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ടാകും. അതിനനുസരിച്ച് ശിവഗിരിയിലെ സന്ന്യാസിമാര്‍ മാറേണ്ടതില്ല. സംഘപരിവാറിന് അങ്ങനെയൊരു നീക്കമുണ്ടെങ്കില്‍ ശക്തമായി എതിര്‍ക്കും. ശിവഗിരിക്ക് വ്യക്തമായ സ്റ്റാന്റുണ്ട്. SNDP യോഗവും ഗുരുദേവന്‍ സ്ഥാപിച്ചതാണ്. അതുമായി യോജിച്ച് പോകണമെന്നു തന്നെയാണ് മഠത്തിന്റെ നിലപാട്. എന്നാല്‍ അതിന്റെ ചുവടുപിടിച്ച് ഗുരുദേവ ദര്‍ശനങ്ങളെ കാവിയില്‍ മുക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ മൗഠ്യമാണെന്നും സ്വാമി പറയുന്നു.

ശിവഗിരിയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെള്ളാപ്പള്ളി നടേശന്റെ കടന്നുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: SNDP നേതൃത്വവുമായി ചില ഭാരവാഹികള്‍ കൂടുതല്‍ അടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ശിവഗിരി മഠത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സന്ന്യാസിമാര്‍ക്കറിയാം. ഞങ്ങളൊക്കെ ഇവിടെ ഉള്ളിടത്തോളം കാലം ശിവഗിരി മഠത്തെ ആരും ഹൈജാക്കു ചെയ്യാമെന്ന് കരുതേണ്ടെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here