തിരുവനന്തപുരം: മെഡിക്കല്‍ കോഴയില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുമ്മനം വിജിലന്‍സിന് മുമ്പാകെ ഹാജരായി പറഞ്ഞു.

പുറത്ത് പ്രചരിക്കുന്ന ഫോട്ടോ കോപ്പി പ്രകാരം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി സാധ്യമല്ലെന്നും കുമ്മനം വ്യക്തമാക്കി. തിരുവനന്തപുരം യൂണിറ്റിലെ വിജിലന്‍സ് സംഘത്തിന് മുന്നിലാണ് കുമ്മനം ഹാജരായത്.

ആര്‍എസ് വിനോദിനെതിരെ നടിപടിയെടുത്തത് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല. താന്‍ വ്യക്തിപരമായി നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ്. വിവി രാജേഷിനെതിരെ നടപടിയെടുത്തത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണെന്നും കുമ്മനം വിശദീകരിച്ചു.

മൊഴി നല്‍കാന്‍ ഓഗസ്റ്റ് 10ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ കുമ്മനത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കുമ്മനം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് സമയം നീട്ടി നല്‍കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍ നിന്നും ആര്‍.എസ് വിനോദ് കോഴ വാങ്ങിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.