സ്വകാര്യലാഭത്തിനും താല്‍പര്യത്തിനും വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ല; തെറ്റ് ചെയ്തിട്ടില്ല; ആരോഗ്യമന്ത്രി കെ കെ ശൈലജ; സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം:ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ സ്വജന പക്ഷപാതമോ മന്ത്രി താല്‍പര്യമോ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൂടുതല്‍ കാര്യക്ഷമതയുള്ളവരെ നിയമിക്കാന്‍ വേണ്ടിയാണ് അപേക്ഷാ തീയതി നീട്ടിയത്. പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി കോടതിയെ സമീപിക്കുമെന്നും മന്ത്രി വിശദീകരിച്ചു. അതെസമയം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 5 പ്രതിപക്ഷം MLA മാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരമാരംഭിച്ചു.
ബാലാവകാശ കമ്മീഷനില്‍ കൂടുതല്‍ യോഗ്യതയുള്ളവരെ നിയമിക്കുന്നതിനു വേണ്ടിയാണ് അപേക്ഷാ തീയതി നീട്ടിയത്. ശാസ്ത്രീയമായും സത്യസന്ധമായുമാണ് അഭിമുഖം നടത്തിയത്. നിയമനത്തില്‍ സ്വജന പക്ഷപാതമോ മന്ത്രി താല്‍പര്യമോ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ വിശദീകരിച്ചു.

അതെസമയം കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ മന്ത്രി സ്ഥാനത്ത് നിന്നും കെ.കെ ശൈലജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് റോജി.എം.ജോണ്‍, എന്‍. ഷംസുദ്ദീന്‍, വി.പി സജീന്ദ്രന്‍, ടി.വി ഇബ്രാഹീം, എല്‍ദോസ് കുന്നപ്പള്ളി എന്നി 5 MLAമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹമാരംഭിച്ചു. നാളെ രാവിലെ ചേരുന്ന UDF പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് തുടര്‍ സമരം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

2017 ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസ ബില്ല് അവതരിപ്പിക്കാന്‍ ആരോഗ്യമന്ത്രി എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ബില്ലിന്റെ കോപ്പി സഭയില്‍ കീറിയെറിഞ്ഞു. പ്രതിപക്ഷത്തിന്റെ അസാനിധ്യത്തില്‍ ഭരണപക്ഷ ഭേദഗതികളോടെ മെഡിക്കല്‍ ബില്‍ പാസായി.

അതേസമയം ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയുള്ള സിംഗിള്‍ ബഞ്ചിന്റെ വിധി, സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

കേസില്‍ മന്ത്രി കെ കെ ശൈലജ കക്ഷിയായിരുന്നില്ല. വകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനത്തിനുള്ള തീയ്യതി നീട്ടി നല്‍കിയത്. പി എസ് സി ചട്ടങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും , മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെടുന്നു.അപ്പീല്‍ ഡിവിഷന്‍ ബഞ്ച് നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News