സാക്ഷാല്‍ എ ആര്‍ റഹ്മാനെയും അമ്പരപ്പിച്ച് വൈഷ്ണവ് പാടി; ആ സ്വപ്‌ന സാഫല്യത്തിന് നിറഞ്ഞ കൈയ്യടി

വൈഷ്ണവ് ഗിരീഷ് എന്ന യുവഗായകനാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരോദയം. കേരളത്തില്‍ നിന്നെത്തി സ്വകാര്യ ഹിന്ദി ചാനലിന്റെ റിയാലിറ്റി ഷോയില്‍ ബിന്‍ തേരെ എന്ന ഗാനം പാടി താരമായി മാറുകയും കിംഗ് ഖാനെ അതേ വേദിയില്‍ എടുത്തുയര്‍ത്തി ബോളിവുഡിന്റെ മനം കവരുകയും ചെയ്ത വൈഷ്ണവ് ഗിരീഷ് ഒടുവില്‍ സ്വപ്‌ന സാഫല്യത്തിന്റെ നിറവിലാണ്.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായി വൈഷ്ണവ് പറഞ്ഞിരുന്നത് റഹ്മാന് മുന്നില്‍ ഗാനം ആലപിക്കുക എന്നതാണ്. അതും യാഥാര്‍ത്ഥ്യമായി. വിജയ് ചിത്രം മെര്‍സലിന്റെ ഓഡിയോ ലോഞ്ചിലാണ് റഹ്മാന്റെ മുന്നില്‍ പാടാന്‍ വൈഷ്ണവിന് അവസരം ലഭിച്ചത്.

മണിരത്‌നം സംവിധാനം ചെയ്ത ബോംബെയിലെ റഹ്മാന്‍ ഈണമിട്ട ഉയിരേ എന്നുതുടങ്ങുന്ന ഗാനമാണ് വൈഷ്ണവ് ഗിരീഷ് റഹ്മാന് മുന്നില്‍ പാടിയത്. ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിലെ ആരോമലേ എന്ന ഗാനവും മലയാളികലുടെ പ്രിയ യുവഗായകന്‍ പാടി. റഹ്മാനൊപ്പം ആറ്റ്‌ലി, വിജയ്, ധനുഷ് എന്നിവരും വൈഷ്ണവിന്റെ ഗാനം കൈയ്യടിയോടെ സ്വീകരിച്ചു.

എന്റെ ജീവിതത്തിന് ഒരു അര്‍ഥമുണ്ടായിരിക്കുകയാണ്. വേറെന്ത് പറയാന്‍. ബാക്കിയെല്ലാം സര്‍ശക്തനായ ഈശ്വരന് സമര്‍പ്പിക്കുകയാണെന്നായിരുന്ന വൈഷ്ണവ് നേരത്തെ കുറിച്ചിരുന്നത്. ഇന്ത്യന്‍ ഐഡല്‍, സി ടി.വിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സ് തുടങ്ങിയ റിയാലിറ്റി ഷോകളിലായിരുന്നു വൈഷ്ണവിന്റെ മാസ്മരിക പ്രകടനം. യൂട്യൂബിലിട്ട പാട്ട് രണ്ട് ദിവസം കൊണ്ട് ഒരു കോടിയിലേറെപ്പേരാണ് കണ്ടത്.

അതിനുശേഷം ജബ് ഹാരി മെറ്റ് സേജള്‍ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ നായകന്‍ ഷാരൂഖ് ഖാനെ എടുത്തുയര്‍ത്തി വാര്‍ത്തയിലെ താരമാവുകയും ചെയ്തു വൈഷ്ണവ്.

തൃശൂര്‍ കയ്പമംഗലത്ത് കാനറാ ബാങ്ക് ഉദ്യോഗസ്ഥനായ കെ ഗിരീഷ് കുമാറിന്റെയും ഹൈക്കോടതി അഭിഭാഷകയായ മിനി വി മേനോന്റെയും മകനാണ് 15കാരനായ വൈഷ്ണവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News