കേന്ദ്രസര്‍ക്കാരിന്റെ വ്യജചിത്രപ്രചരണം പൊടിപൊടിക്കുന്നു; ഇടയ്ക്ക് ഇതുപോലെ പിടിവീഴുമെന്ന് മാത്രം

ദില്ലി: സര്‍ക്കാര്‍ നേട്ടം കാണിക്കാന്‍ വ്യാജചിത്രവുമായി വീണ്ടും ബിജെപി കേന്ദ്രമന്ത്രി. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ 50000 കിലോമീറ്റര്‍ റോഡുകള്‍ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് വൈദ്യിതീകരിച്ചതായി കാണിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് വ്യാജ ചിത്രങ്ങള്‍. ഇന്ത്യയിലെ റോഡുകള്‍ക്ക് പകരം റഷ്യയിലെ ഒരു റോഡിന്റെ ചിത്രമാണ് മന്ത്രി കേന്ദ്ര ഭരണത്തിന്റെ മേനി പറയാന്‍ ഉപയോഗിച്ചിരിക്കുന്നത്. മന്ത്രിയുടെ കള്ളത്തരം മിനിറ്റുകള്‍ക്കം തന്നെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി.

കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഇതു രണ്ടാം തവണയാണ് വ്യാജചിത്രം ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നത്. ഇതിനു മുമ്പ് കഴിഞ്ഞ ജൂണില്‍ സമാനമായി രീതിയില്‍ മന്ത്രി മറ്റൊരു ട്വീറ്റ് ചെയ്തിരുന്നു. ആ ട്വീറ്റില്‍ മറ്റൊരു ചിത്രം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാറിന്റെ നേട്ടം എന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.

‘കഴിഞ്ഞ മൂന്നുവര്‍ഷമായി മികച്ച ഗുണനിലവാരമുള്ള കല്‍ക്കരി ഉത്പാദിക്കാന്‍ നമുക്ക് കഴിയുന്നതുകൊണ്ട് ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചു. ഇതുവഴി വിദേശമൂല്യമനുസരിച്ച് 25,900 കോടി രൂപ ലാഭിക്കാനും കഴിഞ്ഞു” എന്നായിരുന്നു പ്രസ്തുത ചിത്രം ഉപയോഗിച്ച് മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്. ഖനി മന്ത്രാലയത്തിന്റെ ഉജ്വല്‍ ഭാരതിന്റെ വെബ്‌സൈറ്റിലും ഇതേ ചിത്രം ഉപയോഗിച്ചിരുന്നു. തൊട്ടുപിന്നാലെ മന്ത്രിയുടെ കള്ളത്തരം കണ്ടെത്തി. ചത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലെ കുസുമന്ദയിലുള്ള ഖനിയുടെ ചിത്രം എന്ന നിലയിലായിരുന്നു മന്ത്രിയും മന്ത്രാലയവും അവരുടെ നേട്ടങ്ങള്‍ പറയാനായി ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഖനികളില്‍ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ ഉള്ളതായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റും ഗവേഷകയും ആക്ടിവിസ്റ്റുമായ അരുണ ചന്ദ്രശേഖര്‍ പകര്‍ത്തിയതായിരുന്നു ഈ ചിത്രം. കള്ളത്തരം പിടിക്കപ്പെട്ടതോടെ മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും ട്വിറ്ററില്‍ നിന്നും ചിത്രം നീക്കം ചെയ്യപ്പെട്ടിരുന്നു.

ഈ സംഭവത്തിനു ശേഷമാണ് മന്ത്രിയുടെ പുതിയ ഫോട്ടോ വിവാദം. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതതോടെ ഈ ചിത്രവും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News