തലയില്‍ മുണ്ടിടാതെ മലയാളി കണ്ട പോണ്‍സ്റ്റാര്‍; സണ്ണി ഇനിയും വരും 14 ലക്ഷമുണ്ടെങ്കില്‍; സണ്ണി ഉത്ഘാടനം ചെയ്ത കടയില്‍ ഇപ്പോ‍ഴും ഉത്സവത്തിരക്ക്

സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നുപോയതിന്റെ ഓളങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സണ്ണിയുടെ കേരള സന്ദര്‍ശനം തന്നെയാണ് തരംഗം. ഇനിയെപ്പോഴെങ്കിലും സണ്ണി കേരളത്തിലെത്തുമോയെന്ന് ചോദിക്കുന്ന തീവ്ര സണ്ണിച്ചേച്ചി ഭക്തരെയും ചര്‍ച്ചകളില്‍ കണ്ടു. അവരോട് പറയാനുള്ളത് ഉദ്ഘാടനങ്ങള്‍ക്കായി സണ്ണിലിയോണ്‍ ഇനിയും വരാനുള്ള സാധ്യതകളുണ്ടെന്നാണ്.

14 ലക്ഷം രൂപയും, മുംബൈയില്‍ നിന്നുള്ള രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റും, ആരാധകരെ ഒതുക്കാന്‍ ബൗണ്‍സര്‍മാരുമുണ്ടെങ്കില്‍ സണ്ണി കേരളത്തില്‍ എവിടേയും ഉദ്ഘടനങ്ങള്‍ക്ക് എത്തും. എങ്ങനെ സാധിക്കും എന്നുള്ളതിന്റെ ഉത്തരമാണ് സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികള്‍. ഈ കമ്പനികളാണ് വമ്പന്‍ താരങ്ങളുടെ കൊമേഴ്‌സ്യല്‍ ടൂറുകള്‍ കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരങ്ങളുടെയൊക്കെ പൊതുപരിപാടികളുടെ കരാറെടുത്തിരിക്കുന്നത് ഇതുപോലത്തെ വമ്പന്‍ കമ്പനികളാണ്. അവരുമായി ബന്ധപ്പെട്ടാല്‍ സണ്ണിയല്ല ആരെ വേണമെങ്കിലും എത്തിക്കാന്‍ കഴിയും.

സിനിമ കഴിഞ്ഞാല്‍ താരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ഉദ്ഘാടനങ്ങള്‍ വമ്പന്‍ തുകയാണ് ഏതാനും സമയം ചെലവിടുന്നതിനായി താരങ്ങള്‍ ഈടാക്കുന്നത്. പ്രത്യേകം കരാറടക്കം എഴുതിയാണ് താരങ്ങളെ പൊതുപരിപാടികള്‍ക്കായി എത്തിക്കുന്നത്. എന്നാല്‍ പ്രധാനപ്പെട്ട ബ്രാന്‍ഡുകള്‍ക്ക് അംബാസിഡര്‍മാരുള്ളതിനാല്‍ അവര്‍ തന്നെയാകും പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തുക.

എന്നാല്‍ സമീപകാലത്തൊന്നും കാണാന്‍ കഴിയാത്ത ആള്‍ക്കൂട്ടത്തെ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് സണ്ണിലിയോണിന്റെ കൊച്ചിയിലെ വരവിന്റെ വിജയം. രാജ്യം മുഴുവന്‍ ശ്രദ്ധിച്ച ഉദ്ഘാടനത്തിലൂടെ 14 ലക്ഷത്തിന്റെയല്ല കോടികളുടെ പരസ്യമൂല്യമാണ് കൊച്ചിയിലെ കടയുടമ നേടിയത്. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും സണ്ണി ഉദ്ഘാടനം ചെയ്ത കട തേടി നിരവധി പേരാണ് കൊച്ചിയിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here