കളിക്കളത്തിന് പുറത്തും മിതാലിരാജ് താരമാണ്; കക്ഷത്തിലെ വിയര്‍പ്പിന്റെ പേരില്‍ പരിഹസിച്ചവര്‍ക്ക് മിതാലിയുടെ ഗംഭീര മറുപടി

ബംഗലൂരു: പുരുഷ കേന്ദ്രീകൃതമായ ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ഭുതം കാട്ടിയ വനിതാ താരമാണ് മിതാലി രാജ്. ആരും ശ്രദ്ധിക്കാതിരുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ലോകകപ്പിന്റെ കലാശക്കളിവരെയെത്തിച്ച നായികയ്ക്ക് രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരുണ്ട്. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ നിരയിലാണ് ഇപ്പോള്‍ മിതാലിയുടെ സ്ഥാനം.

അതേ മിതാലിയെപോലും സോഷ്യല്‍ മീഡിയിയിലൂടെ അപമാനിക്കാന്‍ സദാചാരവാദികള്‍ ശ്രമിക്കുന്നുവെന്നതാണ് വേദനാജനകമായ കാര്യം. എന്നാല്‍ പോരാട്ടത്തിന്റെ കനല്‍വഴികളിലൂടെ നടന്നുവന്ന മിതാലിയെന്ന അഭിമാനതാരം പരിഹസിക്കാന്‍ ശ്രമിച്ചവരുടെ വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തി.

സംഭവം ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം ബംഗളൂരിലെ ക്രിക്കറ്റ് സെന്ററിന്റെ ഉദ്ഘാടനത്തിനിടെ എടുത്ത ചിത്രം മിതാലി ട്വിറ്ററിലൂടെ പങ്കു വെച്ചിരുന്നു. മിതാലിയ്‌ക്കൊപ്പം സഹതാരങ്ങളായ വേദാ കൃഷ്ണമൂര്‍ത്തിയും മമത മാബേനും നൂഷിന്‍ അല്‍ കദീറും ചിത്രത്തിലുണ്ടായിരുന്നു. സ്ലീവ് ലെസ് വസ്ത്രമായിരുന്നു മിതാലി ധരിച്ചിരുന്നത്.

ഇത് സഹിക്കാനാകാത്ത ചിലര്‍ മിതാലിക്കെതിരെ സോഷ്യല്‍ മീഡിയിയില്‍ തന്നെ രംഗത്തെത്തി. ആഷിം ദാസ് ചൗധരിയെന്നയാള്‍ക്കായിരുന്നു മിതാലിയുടെ വേഷം ഒട്ടും സഹിക്കാനാകാത്തത്. മിതാലിയുടെ കക്ഷം വിയര്‍ത്തിരുക്കുന്നുവെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ആഷിമിന്റെ ട്വീറ്റ്.

എന്നാല്‍ കളിക്കളത്തില്‍ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പോലും പതാറാതിരുന്ന നായിക പരിഹസിച്ചയാളുടെ വായടപ്പിക്കുന്ന മറുപടി തന്നെ നല്‍കി. കളത്തില്‍ ഒരുപാട് വിയര്‍ത്തിട്ട് തന്നെയാണ് ഈ നിലയില്‍ എത്തിയതെന്ന് മിതാലി തിരിച്ചടിച്ചു. അതുകൊണ്ടുതന്നെ തനിക്ക് നാണക്കേട് തോന്നുന്നില്ലെന്നും മിതാലി കുറിച്ചു. ഇതോടെ മിതാലിക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here