മുസ്ലിം സ്ത്രീകള്‍ക്ക് ആശ്വാസം; മുത്തലാഖ് ചരിത്രമായി; നിയമനിര്‍മ്മാണം വരെ മുത്തലാഖിന് വിലക്ക്; നിയമമില്ലെങ്കില്‍ വിലക്ക് തുടരും

ദില്ലി: മുത്തലാഖ് വഴിയുളള വിഹാഹമോചനം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മൂന്നു ജഡ്ജിമാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് ജഡ്ജിമാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്നും തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്നും വ്യക്തമാക്കി.

ആറ് മാസത്തിനകം ഇതിനായി കേന്ദ്ര സര്‍ക്കാറിന് നിയമനിര്‍മ്മാണം നടത്താമെന്നും ഈ കാലയളവില്‍ മുത്തലാഖ് വഴിയുള്ള വിഹാഹമാചനം പാടില്ലെന്നും രണ്ട് ജഡ്ജിമാര്‍ വിധിയെഴുതി.

മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ചംഗ ബഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വിധിച്ചത്. ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതിയാണ് മുത്തലാഖെന്ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രോഹിന്‍ടന്‍ നരിമാന്‍, യു യു ലളിത് എന്നിവര്‍ വ്യക്തമാക്കി.

ഒറ്റയടിക്ക് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന രീതിക്ക് ഖുറാന്‍ സാധുത നല്‍കുന്നില്ല. അതുകൊണ്ട് മതാചാരങ്ങള്‍ക്കുള്ള ഭരണഘടനാ പരിരക്ഷയും മുത്തലാഖിന് ലഭിക്കില്ല.ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയ ഭൂരിപക്ഷ വിധിയാണ് ഇനി നിലനില്‍ക്കുക.

അഞ്ചംഗ ഭരണ ഘടനാ ബഞ്ചില്‍ ഉള്‍പ്പെട്ട ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറും ജസ്റ്റിസ് അബ്ദുള്‍ നസീറും മുത്തലാഖിന് ഭരണഘടനാ സാധുതയുണ്ടെന്ന നിലപാടെടുത്തു. മൂത്തലാഖില്‍ വ്യക്തത വരുത്തികൊണ്ട് നിയമനിര്‍മ്മാണം നടത്താന്‍ ഇരുവരും കേന്ദ്ര സര്‍ക്കാറിനെ ചുമതലപ്പെടുത്തി. ആറ് മാസത്തിനകം നിയമനിര്‍മ്മാണം നടത്തണമെന്നും ഈ കാലയളവില്‍ മുത്തലാഖ് പാടില്ലെന്നും ഇവര്‍ ഉത്തരവിട്ടു.മുത്തലാഖ് പാപമാണെങ്കില്‍ കൂടിയും 1400 വര്‍ഷമായ പിന്തുടരുന്ന രീതിയാണ് ഇതെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി.

മുത്തലാഖിലൂടെ വിവാഹമോചനം ലഭിച്ച ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്‌ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here