ഈ മരുന്നു കുറിപ്പടി ആരെങ്കിലും വായിച്ചു തരുമോ? പനിച്ച് വിറക്കുന്ന കുഞ്ഞുമായി ചെന്ന അച്ഛനമ്മമാര്‍ക്ക് കണ്ണൂരിലെ ഡോക്ടര്‍ കുറിച്ച് നല്‍കിയതാണിത്

പനിച്ച് വിറക്കുന്ന നാലു വയസ്സുകാരനുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹെഡ് ക്വോര്‍ട്ടേര്‍സ് ഹോസ്പിറ്റലില്‍ ചെന്ന അച്ഛനമ്മമാര്‍ക്ക് ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നു കുറിപ്പാണിത്. ആരെങ്കിലും ഇതൊന്നു വായിച്ച് തരുമോ?

നട്ടപ്പാതിരയ്ക്ക് പാവങ്ങളായ അച്ഛനമ്മമാര്‍ കുഞ്ഞിനെയുമെടുത്ത് മരുന്നിന് വേണ്ടി കണ്ണൂര്‍ നഗരത്തിലൂടെ അലഞ്ഞു. തുറന്നു കടന്ന ഏതാനും മരുന്നു കടയിലെ ഫാര്‍മസിസ്റ്റുകള്‍ മരുന്നു കുറിപ്പ് കണ്ട് വാ പൊളിച്ചു നിന്നുപോയി. ഡോക്ടര്‍ എന്താണ് കുറിച്ചു നല്‍കിയതെന്ന് ഡോക്ടര്‍ക്കും ദൈവത്തിനും മാത്രമേ വായിക്കാനാവൂ. നേരം പുലരുന്നത് വരെ നടന്നിട്ടും അച്ഛനമ്മമാര്‍ക്ക് മരുന്നുകിട്ടിയില്ലെന്നാണ് വാര്‍ത്ത. വാട്‌സാപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമാണ് ഈ വാര്‍ത്ത പരക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ശ്രദ്ധയിലെത്തും വരെ വാര്‍ത്ത ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥനയുമുണ്ട്.

ചെറിയ കുഞ്ഞിനേയും എടുത്ത് അര്‍ദ്ധരാത്രി ആശുപത്രിയിലേയ്ക്ക് ഓടേണ്ടി വന്ന ഹതഭാഗ്യര്‍ ആരാണെന്ന് വാര്‍ത്തയില്‍ എവിടെയുമില്ല. ഇത്രയേറെ അനാസ്ഥയോടെ മരുന്ന് കുറിച്ചു തന്ന ഡോക്ടറെക്കുറിച്ചും കുറിപ്പില്‍ സൂചനയൊന്നുമില്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കാഷ്വാലിറ്റിയില്‍ നിന്ന് ആഗസ്റ്റ് 17ന് കുറിച്ചു നല്‍കിയതാണ് കുറിപ്പെന്ന് വ്യക്തമായുണ്ട്. ഒപി നമ്പറും കുഞ്ഞിന്റെ പേരും വ്യക്തമാണ്. ഇത്രയും സൂചനകള്‍ കൊണ്ട് തന്നെ ഡോക്ടര്‍ ആരെന്ന് കണ്ടെത്തുക പ്രയാസമാവില്ല.

മരുന്നിനുള്ള കുറിപ്പ് ഇംഗ്ലീഷ് വലിയക്ഷരത്തില്‍ വ്യക്തമായി എഴുതി നല്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യവകുപ്പിന് അച്ചടക്ക നടപടി എടുക്കാവുന്നതാണ്. കുറിപ്പടികള്‍ വ്യക്തമായി എഴുതി നല്കണമെന്ന് മെഡിക്കല്‍ കൗണ്‍സിലും ഡ്രഗ്‌സ് കണ്‍ട്രോളറും ലോകാരോഗ്യ സംഘടനയും മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് കൂട്ടക്ഷരത്തില്‍ എഴുതി നല്കുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ കഴിയാത്തതിനാല്‍ മരുന്നുമാറിപ്പോകുന്ന സംഭവങ്ങള്‍ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറിപ്പടി വ്യക്തമായി എഴുതി നല്കണമെന്ന് സംസ്ഥാന സര്‍ക്കാരും നിര്‍ദ്ദേശം നല്കിയിട്ടുണ്ടെങ്കിലും പല ഡോക്ടര്‍മാരും ഇത് പാലിക്കാറില്ല. അതെന്തായാലും ഇത്രയും ദയാരഹിതമായ ഒരു മരുന്നു കുറിപ്പടികണ്ട് മെഡിക്കല്‍ രംഗത്തുള്ളവര്‍ അല്‍ഭുതം രേഖപ്പെടുത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here