ഗുരുവിന്‍റെ വിളംബരങ്ങള്‍ പിന്മുറക്കാര്‍ പാലിക്കുന്നുണ്ടോ; മുഖ്യമന്ത്രി പിണറായി

‘നമുക്ക് ജാതിയില്ല’ എന്ന ശ്രീനാരായണഗുരുവിന്റെ വിളംബരം പുറത്തുവന്നിട്ട് നൂറുവര്‍ഷം തികയുകയായിരുന്നല്ലോ 2016ല്‍. വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നാലോ അഞ്ചോ ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. ഓരോ ചടങ്ങില്‍ പങ്കെടുക്കുമ്പോഴും അതുവരെയില്ലാത്ത ഒരു സന്തോഷം മനസ്സില്‍ ഉണ്ടാകുന്നുണ്ട്. അതിന്റെ അടിസ്ഥാനം നമ്മുടെ സമൂഹത്തിന് ഇന്ന് ഏറ്റവുമധികം ആവശ്യമുള്ള വെളിച്ചംനിറഞ്ഞ സന്ദേശത്തിന്റെ വാര്‍ഷികമാണ് ഒരോ ദിക്കിലും ആഘോഷിക്കപ്പെടുന്നത് എന്നതാണ്.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ‘നമുക്ക് ജാതിയില്ല’ എന്ന ചരിത്രപ്രാധാന്യമുള്ള വിളംബരത്തിന്റെ സ്മാരകം എന്ന നിലയ്ക്ക് ഇവിടെ പടുത്തുയര്‍ത്താന്‍പോകുന്ന മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയാണ് നാം. ജാതിയില്ലാത്ത കേരളം സൃഷ്ടിച്ചെടുക്കാനുള്ള ഒരു മഹാസംരംഭത്തിന്റെ ശിലാസ്ഥാപനമാണ് സത്യത്തില്‍ 1916ല്‍ ശ്രീനാരായണഗുരു തന്റെ വിളംബരത്തിലൂടെ നടത്തിയത്.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുസന്ദേശവുമായി ചേര്‍ന്നുനില്‍ക്കുന്നതുതന്നെയാണ് സത്യത്തില്‍ ജാതിയില്ല വിളംബരം. ഒരു ജാതി എന്നതുകൊണ്ട് ശ്രീനാരായണഗുരു ഉദ്ദേശിച്ചത് ഏതെങ്കിലും പ്രത്യേക ജാതിയെയല്ല എന്നും മനുഷ്യജാതിയെ ആകെത്തന്നെയാണ് എന്നും വിവരമുള്ളവര്‍ക്ക് അറിയാം. ‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്ന് ഗുരുതന്നെ ഇത് വിശദീകരിച്ചിട്ടുണ്ടുതാനും. മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്നാണ് അതിന്റെ അര്‍ഥം. വിശാലമായ മാനവികബോധത്തിന്റെ സന്ദേശമാണ് അതില്‍ അടങ്ങിയിട്ടുള്ളത്. ഗുരു തന്റെ വളരെ പ്രശസ്തങ്ങളായ പല സൂക്തങ്ങളും മുമ്പോട്ടുവച്ചശേഷവും ചിലരൊക്കെ സംശയാലുക്കളായി നിന്നു. അവരുടെ സംശയംകൂടി ദൂരീകരിക്കുന്നതിനുവേണ്ടിയാണ് 1916ല്‍ നമുക്ക് ജാതിയില്ല എന്ന വിളംബരം ഗുരു പുറപ്പെടുവിച്ചത്. അതടക്കമുള്ള ഗുരുസന്ദേശങ്ങള്‍ കേരളത്തിന്റെ സാമൂഹ്യബോധത്തില്‍ ഉളവാക്കിയ ദൂരവ്യാപകചലനങ്ങള്‍ ചരിത്രപശ്ചാത്തലത്തിലുള്ള പഠനം അര്‍ഹിക്കുന്നതാണ്.

കേരളത്തില്‍ സാമൂഹ്യമാറ്റത്തിന്റെ സൌമ്യവിപ്ളവം സാധ്യമാക്കിയ ഗുരുശ്രേഷ്ഠനാണ് ശ്രീനാരായണഗുരു. ഗുരുവിനുമുമ്പുള്ള കേരളമെന്നും ഗുരുവിനുശേഷമുള്ള കേരളമെന്നും ഉള്ള തരത്തില്‍ കേരളചരിത്രം വിഭജിക്കപ്പെട്ടുനില്‍ക്കുന്നു എന്നതാണ് സത്യം. ഗുരുവിനുമുമ്പത്തെ കേരളമേ അല്ല ഗുരുവിനുശേഷമുള്ള കേരളം. ഗുരുവിന്റെ കാലത്തും അതിനുമുമ്പും ഉണ്ടായിരുന്നത് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതിവിവേചനത്തിന്റെയും സാമൂഹിക ദുഷിപ്പുകളുടെയും ജീര്‍ണത നിറഞ്ഞ കേരളമാണ്. ഗുരുവിന്റെ ഇടപെടലിനെ തുടര്‍ന്നും അതിനുശേഷവും ഉണ്ടായതാകട്ടെ മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്യ്രബോധത്തിന്റെയും വെളിച്ചം പടര്‍ന്നുനില്‍ക്കുന്ന കേരളമാണ്.

ഇങ്ങനെ ചരിത്രത്തെ തന്റെ ജീവിതഘട്ടത്തിനുമുമ്പും പിമ്പും എന്ന നിലയില്‍ വിഭജിച്ച ചരിത്രപുരുഷന്മാര്‍ നമുക്ക് അധികമില്ല. അധികമില്ലാത്തതും സമാനതയില്ലാത്തതുമായ നവോത്ഥാന വ്യക്തിത്വങ്ങളുടെ നിരയില്‍ പ്രാതസ്മരണീയനാണ് ശ്രീനാരായണഗുരു. അറിയാനും അറിയിക്കാനുമുള്ള വിചാരവിപ്ളവമാണ് തന്റെ കാലഘട്ടം ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അറിവ് നിഷേധിക്കപ്പെട്ടിരുന്ന ഘട്ടം. അറിയിക്കാനുള്ള സ്വാതന്ത്യ്രവും നിഷേധിക്കപ്പെട്ടിരുന്ന ഘട്ടം. അത്തരമൊരു ഘട്ടത്തിലാണ് കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുസൃതമായ ചിന്താപദ്ധതികള്‍ ഗുരു ആവിഷ്കരിച്ചത്. ചിന്താപദ്ധതികള്‍ മാത്രമല്ല, കര്‍മപദ്ധതികളും ആവിഷ്കരിച്ചു.

ആ പദ്ധതികള്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് വന്നുനില്‍ക്കുന്നത്. ഇന്ത്യയില്‍ പരക്കെ ജാതീയതയുടെയും വര്‍ണാടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെയും ക്രൂരമായ അനുഭവം തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജാതീയ ദുരാചാരങ്ങളും സാമൂഹിക അനാചാരങ്ങളും മതാത്മകമായ അന്ധവിശ്വാസങ്ങളും പടരുന്നു. ഈ ഘട്ടത്തില്‍ ഗുരുചിന്തകള്‍ക്ക് വര്‍ധിച്ച പ്രസക്തിയാണുള്ളത്. വരുംകാലത്താണെങ്കിലും ഗുരുസൂക്തങ്ങളുടെ പ്രസക്തി വര്‍ധിച്ച നിലയില്‍ത്തന്നെ തുടരും. ചിന്താപദ്ധതികളിലെ, ദര്‍ശനങ്ങളിലെ ഈ സാര്‍വകാലികപ്രസക്തിയാണ് മറ്റു പല ഗുരുശ്രേഷ്ഠന്മാരില്‍നിന്നും ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നത്.’

വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്ന് ഉദ്ബോധിപ്പിച്ച ഗുരുവാണിത്. അതുപോലുള്ള നിരവധി ഉദ്ബോധനങ്ങളിലൂടെ, എക്കാലത്തെയും വിപ്ളവകരമായ സന്ദേശങ്ങളിലൂടെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്തിയെടുത്ത് ചിന്താപരമായ സ്വാതന്ത്യ്രത്തിലേക്ക് നയിച്ചു അദ്ദേഹം. ഒപ്പം മനുഷ്യോചിതമായ ജീവിതരീതികളിലേക്ക് ആനയിച്ചു അദ്ദേഹം. അതുകൊണ്ടുതന്നെ ആധുനിക കാലത്തെ സാമൂഹികതലത്തിലുള്ള പുരോഗമനാശയങ്ങളുടെ ആദ്യ പ്രയോക്താവ് എന്ന സ്ഥാനവും ശ്രീനാരായണ ഗുരുവിന് അവകാശപ്പെട്ടതാകുന്നു. വാദിക്കാനും ജയിക്കാനുമല്ല മറിച്ച് അറിയാനും അറിയിക്കാനുമുള്ളതാണ് തന്റെ ദൌത്യം എന്ന് അദ്ദേഹം പറഞ്ഞു. അതില്‍ അല്‍പ്പം അക്ഷരങ്ങളേയുള്ളു. എന്നാല്‍, അനേകം അര്‍ഥങ്ങളുണ്ട്. ഗുരുചിന്തകളുടെ അര്‍ഥങ്ങളെ മാറിവരുന്ന കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ ശ്രദ്ധേയമായ ശ്രമം ഉണ്ടാകേണ്ടതുണ്ട്. ആധുനിക ജനാധിപത്യയുഗത്തിലും നവീനചിന്തയുടെയും സാമൂഹ്യ കാഴ്ചപ്പാടിന്റെയും ആപ്തവാക്യമായി നിലനില്‍ക്കുന്ന തത്വസംഹിതകളാണ് അദ്ദേഹത്തിന്റേതായുള്ളത്.

നമ്മളുടേത് ഒരു ആഗോളവല്‍ക്കരണകാലമാണ്. ഈ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ അടിസ്ഥാനപരമായും നമ്മുടെ സാമ്പത്തിക പരമാധികാരത്തെവരെ വെല്ലുവിളിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍, പാരമ്പര്യ വ്യവസായങ്ങളെ അഭിവൃദ്ധിപ്പെടുത്തി സ്വാശ്രയത്വത്തിലേക്ക് നീങ്ങണമെന്ന ഗുരുചിന്ത എത്രയോ പ്രസക്തമാണ്. പലവിധ കാരണങ്ങളാലും കുടുംബജീവിതങ്ങള്‍ ശിഥിലമാകുന്ന ഒരു കാലമാണിത്. കുടുംബങ്ങളെ കെട്ടുറപ്പോടെ നിലനിര്‍ത്തുന്നതിനും ഐശ്വര്യത്തിലേക്ക് നയിക്കുന്നതിനും കഴിഞ്ഞാലേ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഗുരുചിന്ത ഇക്കാലത്ത് എത്രയോ കൂടുതല്‍ പ്രസക്തമായിരിക്കുന്നു.

തനിക്ക് ജാതിയില്ല എന്നു പറയുകമാത്രമല്ല ഗുരു ചെയ്തത്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവരെയും ദളിത് സമുദായത്തില്‍പ്പെട്ടവരെയും ഒക്കെ സമഭാവനയോടെ തന്റെ മുഖ്യശിഷ്യനിരയില്‍ അദ്ദേഹം ഉള്‍പ്പെടുത്തി. ശിഷ്യന്മാരുടെ സ്വതന്ത്രചിന്തയെ അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചു. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നു പറഞ്ഞ ശിഷ്യനായ സഹോദരനയ്യപ്പനെ, ‘അയ്യപ്പന് അങ്ങനെയും ആവാം’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ‘സത്യവ്രതനില്‍ എന്റെയുള്ളിലുള്ള അത്രപോലും ജാതിചിന്തയില്ല’ എന്ന് ഒരിക്കല്‍ ഗുരു പറഞ്ഞു. ശിഷ്യന്മാരിലെ നന്മയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗുരു ഒരിക്കലും ഒരു വൈമുഖ്യവും കാണിച്ചിരുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്. തനിക്ക് അപ്പുറത്തേക്ക്, ചിന്താപരമായ ഔന്നത്യത്തിലേക്ക് ശിഷ്യര്‍ പോകുന്നെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്ന ചിന്തയാണ് അദ്ദേഹത്തെ എന്നും നയിച്ചത്.

ചരിത്രപ്രാധാന്യമുള്ളതാണ് ജാതിയില്ല വിളംബരം. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന വാക്കുകളായിരുന്നു ആ വിളംബരത്തിന്റെ കാതല്‍. എന്തിനായിരുന്നു ആ ഒരു വിളംബരം എന്ന് ആലോചിക്കണം. മുമ്പേതന്നെ ഗുരു പകര്‍ന്നുനല്‍കിയ എത്രയോ സൂക്തങ്ങളിലൂടെ അദ്ദേഹത്തിന് ജാതി-മത ഭേദങ്ങളില്ല എന്ന കാര്യം സമൂഹത്തിന് വ്യക്തമായിരുന്നു. എന്നിട്ടും തന്റെ അറുപതാം വയസ്സില്‍, ഇത്തരം ഒരു വിളംബരം പുറപ്പെടുവിക്കേണ്ടതുണ്ട് എന്ന് ഗുരുവിനു തോന്നി. അത് എന്തുകൊണ്ട് എന്നതാണ് ആലോചിക്കേണ്ടത്. അങ്ങനെ ആലോചിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, ഒരു പ്രത്യേക ജാതിയിലേക്കും ഒരു പ്രത്യേക മതത്തിലേക്കും തന്നെ ഒതുക്കിയെടുക്കാന്‍ ചിലര്‍ ഭാവിയില്‍ ശ്രമിച്ചേക്കാമെന്ന് ഏതാണ്ടൊരു പ്രവചനസ്വഭാവത്തോടെ ഗുരു മുന്‍കൂട്ടി കണ്ടു എന്നതാണ്. ഒരുപക്ഷേ, ആ വഴിക്കുള്ള ശ്രമങ്ങള്‍ തന്റെചുറ്റിലുംതന്നെ ചിലര്‍ നടത്തുന്നു എന്നത് ഗുരു തിരിച്ചറിഞ്ഞു എന്നതാണ്. അത് ഗുരുവിന്റെ വലിയ ഒരു ദുഃഖമായിരുന്നു. ആ ദുഃഖത്തില്‍നിന്നുണ്ടായതാണ് ജാതിയില്ല വിളംബരം.

‘സംവത്സരങ്ങള്‍ക്കു മുമ്പേതന്നെ താന്‍ ജാതിഭേദം വിട്ടിരുന്നു’ എന്നു ഗുരു വിളംബരത്തിന്റെ ആദ്യവാചകത്തില്‍ത്തന്നെ ഊന്നിപ്പറയുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ വിളംബരത്തിന്റെ ആവശ്യകത എന്താണ്? അക്കാര്യമാണ് വിളംബരത്തിന്റെ രണ്ടാംവാചകത്തില്‍ ഗുരു വിശദീകരിക്കുന്നത്. ‘ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ കൂട്ടത്തില്‍പ്പെട്ടവനായി വിചാരിച്ചുവരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു’ എന്നതാണ് ആ രണ്ടാംവാചകം. എല്ലാവരുടേതുമായ ഗുരുവിനെ, ഈ ലോകത്തിനാകെ അവകാശപ്പെട്ട ഗുരുവിനെ, ചിലര്‍ തങ്ങളുടെമാത്രമായി കരുതി ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂട്ടിലടയ്ക്കുന്നു എന്നര്‍ഥം. വേര്‍തിരിവുകള്‍ക്കതീതമായ വിശ്വമഹാസ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു ഗുരുവിന് ഇതിനേക്കാള്‍ വേദനാജനകമായി മറ്റെന്താണുള്ളത്?

സ്ഥാപിത താല്‍പ്പര്യമുള്ള ഈ പ്രത്യേക വിഭാഗക്കാര്‍ തന്റെ സത്യത്തിനും തന്റെ വാസ്തവത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പൊതുസമൂഹത്തിനുമുമ്പില്‍ തുറന്നുകാട്ടുകകൂടിയായിരുന്നു വിളംബരത്തിലൂടെ ഗുരു ചെയ്തത്. താന്‍ പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നില്ല എന്ന് തന്റെ ശിഷ്യസമൂഹത്തില്‍നിന്ന് ഈ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരെമാത്രമേ തന്റെ പിന്‍ഗാമിയായി വരത്തക്കവണ്ണം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂവെന്നും അത്തരക്കാരെമാത്രമേ ഭാവിയിലും ചേര്‍ക്കുകയുള്ളൂ എന്നും ഉറപ്പിച്ചുപറയുകയാണ് ഗുരു ആ വിളംബരത്തിലൂടെ ചെയ്തത്. അസന്ദിഗ്ധമായ രീതിയില്‍ ഗുരു ഇത് പറഞ്ഞുവച്ചിരിക്കുന്നു എന്ന കാര്യം ഓര്‍മിക്കുക

(അവസാനിക്കുന്നില്ല)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here