എന്‍പി ചന്ദ്രശേഖരന്‍ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തിലേക്ക്

തിരുവനന്തപുരം: കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ ഡോ. എന്‍പി ചന്ദ്രശേഖരന്‍ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമ്മേളനത്തില്‍ പങ്കെടുക്കും. ഇറ്റാസ്‌കയില്‍ ഓഗസ്റ്റ് 24 മുതല്‍ 27 വരെയാണ് സമ്മേളനം.

‘മാധ്യമം: മാറുന്ന പ്രകരണങ്ങള്‍, മാറുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തെക്കുറിച്ച് ചന്ദ്രശേഖരന്‍ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കും. കേരള വികസനത്തെക്കുറിച്ചുള്ള ഓപ്പണ്‍ ഫോറത്തിലും സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലും അദ്ദേഹം സംസാരിക്കും.

അമേരിക്കയിലെ മാധ്യമരംഗത്ത് സജീവസാന്നിദ്ധ്യമായ സംഘടനയാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ്. സംഘടനയുടെ ഏഴാമത് അന്താരാഷ്ട്ര സമ്മേളനമാണിത്.

മന്ത്രി വിഎസ് സുനില്‍ കുമാര്‍, രാജാ കൃഷ്ണമൂര്‍ത്തി, എംബി രാജേഷ് എം. പി, എം. സ്വരാജ് എംഎല്‍എ., മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു, മാധ്യമപ്രവര്‍ത്തകരായ പിവി തോമസ്, ഉണ്ണി ബാലകൃഷ്ണന്‍, അളകനന്ദ, ഷാനി പ്രഭാകരന്‍ എന്നിവരും സമ്മേളനത്തില്‍ അതിഥികളാണ്.

പ്രസ് ക്ലബ്ബിന്റെ സാഹിത്യ പുരസ്‌കാരം സമാപന സമ്മേളനത്തില്‍ എഴുത്തുകാരി രതീദേവിക്ക് സമ്മാനിക്കും. അനിലാല്‍ ശ്രീനിവാസന്‍, പി പി ചെറിയാന്‍, ജോയ് ഇട്ടന്‍, ഷിജോ പൗലോസ്, ബിനു തോമസ്, ഫ്രാന്‍സിസ് തടത്തില്‍, ബിജു സക്കറിയ എന്നിവരെയും പ്രസ് ക്ലബ്ബിന്റെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

പ്രസ് ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി, സെക്രട്ടറി ജോര്‍ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ജോയിന്റ് സെക്രട്ടറി പി പി ചെറിയാന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. പ്രസ് ക്ലബ്ബിന്റെ ഷിക്കാഗോ ചാപ്റ്ററാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel