സംഘിദര്‍ശനങ്ങളെ പൊളിച്ചടുക്കി ‘നിരോധനങ്ങളുടെ റിപ്പബ്ലിക്’; പക്വമായ നിലപാടറിയിച്ച് ഷിജൂഖാന്‍

‘നിരോധനങ്ങളുടെ റിപ്പബ്ലിക്’ എന്ന പ്രയോഗം ഒരു ഒക്‌സിമറോണ്‍ ആണ്. ദയാലുവായ കൊലയാളിയെന്നോ, ചെകിടടപ്പിക്കുന്ന നിശബ്ദത എന്നോ പറയുന്നതുപോലെയുള്ള വിരുദ്ധപദങ്ങളുടെ ഒരു സംഘാതം. ‘റിപ്പബ്ലിക്’ എന്ന പദം മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യത്തിന്റെ സഹിഷ്ണുതാപൂര്‍വമുള്ള ചോയിസുകളെ ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുന്ന, നിരോധനങ്ങളുടെയും അസഹിഷ്ണുതകളുടെയും വര്‍ത്തമാനങ്ങളെ അടയാളപ്പെടുത്തുകയാണ് എഴുത്തുകാരനും യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും ഗവേഷകനുമായ ഷിജൂഖാന്‍ തന്റെ പുസ്തകമായ’നിരോധനങ്ങളുടെ ‘റിപ്പബ്ലിക്കി’ലൂടെ.

അതതുകാലങ്ങളില്‍ ഒറ്റയൊറ്റയായി എഴുതപ്പെട്ട ഇതിലെ ലേഖനങ്ങള്‍ പുസ്തകരൂപത്തില്‍ സമഗ്രമാകുമ്പോള്‍, അതിന്റെ പ്രമേയപരിസരങ്ങളുടെ പരിശോധന വെളിവാക്കുന്നത് നാം കേള്‍ക്കുന്ന കാല്‍പെരുമാറ്റത്തിന്റെ താളം ഫാസിസത്തിന്റേത് തന്നെയാണ് എന്നാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം അതിന്റെ ക്ലാസിക്കല്‍ നിര്‍വചനങ്ങളുടെ മാനദണ്ഡം അനുവര്‍ത്തിച്ചു തന്നെയാണ്, രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളോടുള്ള അക്രമവും അസഹിഷ്ണുതയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.പലപ്പോഴായി എഴുതിയ കാലത്ത് നിരോധനങ്ങളുടെ റിപ്പബ്ലിക്ക് എന്ന പ്രയോഗത്തിന് ഉണ്ടായിരിക്കാമായിരുന്ന കാല്പനികതയെ റദ്ദ് ചെയ്യുന്ന, ആ ശീര്‍ഷകം അനുനിമിഷം യാഥാര്‍ത്ഥ്യമാകുകയും, അക്ഷരാര്‍ത്ഥത്തില്‍ ശരിയായി മാറുകയും ചെയ്യുന്ന കാലമാണ് നമ്മുടേത്. അത്തരമൊരുകാലത്ത്, ‘എഴുത്ത് പ്രതിരോധത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തനമാണ്’എന്ന് പറഞ്ഞുകൊണ്ട് കവി സച്ചിദാനന്ദന്‍ സംവിധായിക വിധു വിന്‍സെന്റിന് പ്രകാശനം നിര്‍വഹിച്ചു പുസ്തകമാണ് ഷിജൂഖാന്റെ നിരോധനങ്ങളുടെ റിപ്പബ്ലിക്ക്. ഷിജുവിന്റെ ഏഴാമത്തെ പുസ്തകമാണിത്.

പെട്രോളിന്റെ വിലവര്‍ദ്ധനവ് ഇപ്പോള്‍ സൃഷ്ടിക്കുന്ന നിസ്സംഗത പോലെയായിരിക്കുന്നു കന്നുകാലികളുടെ പേരിലുള്ള കൊലപാതക പരമ്പരകളുടെ വാര്‍ത്തകളും. അഖ്‌ലാഖിനു ശേഷം അതിന്റെ പേരില്‍ വധിക്കപ്പെട്ട അനേകരുടെ പേരുകള്‍ പോലും ഓര്‍ക്കാന്‍ കഴിയാത്ത വണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗോമാംസത്തിന്റെ ഉപയോഗത്തില്‍ ഇന്ത്യ വൈദിക കാലഘട്ടം മുതലേ പുലര്‍ത്തിവന്ന രീതികളുടെ ചരിത്രവും വസ്തുതകളും നിരത്തി സംഘപരിവാര്‍ നിലപാടിലെ വര്‍ഗീയ കുബുദ്ധിയും കുത്സിതമായ ഇരട്ടത്താപ്പുകളും പുസ്തകം തുറന്നുകാട്ടുന്നു.

അറിവുള്‍പ്പെടെയുള്ള പൊതുസ്വത്തുക്കള്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നിഷേധിക്കുന്നതിലൂടെ ചാതുര്‍വര്‍ണ്യത്തിന്റെ പഴയ ഇരുട്ടിലേക്ക് തന്നെ വ്യവസ്ഥിതിയെ നയിക്കുകയും പൈഡ് പൈപ്പറെ പോലെ അവരെ അനിവാര്യമായ ആത്മഹത്യയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിനു താളമിട്ടു കൊടുക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. സദാചാരപോലീസിംഗിന്റെ മറവില്‍ ഒളിച്ചു കടത്തപ്പെടുന്ന സവര്‍ണ പുരുഷാധിപത്യ മൂല്യങ്ങളെ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കുമ്പോള്‍ തന്നെ,നവോത്ഥാനാനന്തരം പോലും നമുക്ക് നേടിയെടുക്കാന്‍ കഴിയാതെ പോകുന്ന ലിംഗസമത്വത്തിന്റെ പ്രതിസന്ധികളെ ലേഖകന്‍ പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്.

എതിര് പറയുന്നവരെ രാജ്യത്ത് നിന്നോ, ജീവിതത്തില്‍ നിന്നുതന്നെയോ പുറത്താക്കാന്‍ വെമ്പല്‍ കൊണ്ടാണ് വെറിയോടെ ഒരു സംഘം കാത്തിരിക്കുന്നത്. ഒറ്റപ്പെട്ട ആക്രമണങ്ങള്‍ വളരെപ്പെട്ടെന്നു തന്നെ സാമാന്യ സ്വഭാവത്തിലേക്ക് എത്തിച്ചേരുകയും, സ്വാഭാവികം എന്ന് ജനങ്ങള്‍ക്ക് തോന്നിപ്പിക്കുകയും ചെയ്യുന്ന രാജ്യമൊട്ടുക്കുള്ള സ്ഥിതിവിശേഷത്തിന് ഒരു പാറ്റേണ്‍ ഉണ്ടെന്നും ഇതിന്റെ വായനയിലൂടെ വെളിവാകുന്നു.

ഈ വിധമുള്ള കടന്നുകയറ്റങ്ങളുടെനടുവിലും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും തുരുത്തുകളായി നിലനില്‍ക്കുന്ന ക്യാമ്പസുകളുടെ വര്‍ത്തമാനം പുസ്തകം സജീവമായി ചര്‍ച്ച ചെയ്യുന്നു. അറിവുല്‍പ്പാദനത്തെയും പുരോഗമനത്തെയും ഭയക്കുന്ന ഇരുട്ടിന്റെ ശക്തികളെ അവയുടെ മൂക്കിനു കീഴില്‍ നിന്ന് വെല്ലുവിളിച്ച ജെഎന്‍യുവിലെ പ്രതിഷേധങ്ങളും തുടര്‍ന്ന് രാജ്യമൊട്ടാകെ വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകുന്ന ചെറത്തുനില്‍പ്പുകളും ഒട്ടൊന്നുമല്ല സംഘിനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നെഹ്‌റുവിയന്‍ വീക്ഷണങ്ങളോടുള്ള സംഘിന്റെ വെറുപ്പിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ധൈഷണിക കേന്ദ്രത്തിലെ ബൗദ്ധിക വ്യവഹാരങ്ങളോടുള്ള ഭീതിയും.ഗവേഷണമേഖലയില്‍ ഇതേത്തുടര്‍ന്ന് ഭരണകൂടം നടത്തുന്ന പ്രതിലോമകരമായ ഇടപെടലുകളും മറ്റൊന്നും കൊണ്ടല്ല. അരാഷ്ട്രീയതയും കരിയറിസവും ഗ്രസിച്ചിരിക്കുമെന്നു നാം കരുതിപ്പോയ കാമ്പസുകള്‍ ഞ്ചലിതമാകുന്നത് വര്‍ത്തമാന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് .

ജീവിക്കുവാനുള്ള അവകാശം റദ്ദ് ചെയ്യാന്‍ ഒരു ഭരണകൂട രൂപത്തിനും അധികാരമില്ല. മാനുഷികമായ മൂല്യങ്ങളെ മുന്‍നിര്‍ത്തിയല്ലാതെ വരുന്ന കാട്ടുനീതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സെലക്ടീവ് ആയ അബോധങ്ങളെ യാക്കൂബ് മേമന്റെ വധശിക്ഷയുടെ നൈതികതയെ മുന്‍നിര്‍ത്തി പുസ്തകം മൂല്യവിചാരണചെയ്യുന്നു.

അസഹിഷ്ണുതാവാദികള്‍ക്ക് അവരുടെ പ്രവര്‍ത്തന പദ്ധതിയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് അരുംകൊലകള്‍. അതിനിരയാകുന്നവരില്‍ പ്രതിരോധിക്കുന്നവരും വിദ്യാര്‍ഥികളും ജ്ഞാനവൃദ്ധരും മാത്രമല്ല, സ്ത്രീകളും കുട്ടികളുമൊക്കെ യാതൊരു ഭേദവുമില്ലാതെ ഉള്‍പ്പെടുന്നു. പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം, കൂട്ടക്കൊലകളെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാഴ്ച യാണ് ഗുല്‍ബര്‍ഗയില്‍ കോണ്‍ഗ്രസ് നേതാവും എംപിയും ആയിരുന്നു എഹ്‌സാന്‍ ജഫ്രിയുടെയും അദ്ദേഹത്തിന്റെ അടുത്ത് അഭയം തേടി വന്ന ജനതയേയും നിഷ്ഠൂരമായി കൊലപ്പെടുത്തിയപ്പോള്‍ രാജ്യം കണ്ടത്. ഗുജറാത്തില്‍ ദൃശ്യമായത് ന്യൂനപക്ഷ വിദ്വേഷത്തിന്റെ ലബോറട്ടറി പരീക്ഷണങ്ങളായിരുന്നു എന്ന് ഇന്ന് ജനത തിരിച്ചറിയുന്നു.

രാജ്യത്തെ ഇങ്ങനെ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും പടുകുഴിയിലേക്ക് നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിസ്സംഗതയെ ലേഖകന്‍ ഇഴകീറി വിമര്‍ശിക്കുന്നു. ദേശീയപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന പ്രസ്ഥാനം കോര്‍പ്പറേറ്റ് ദാസ്യത്തിലും അഴിമതിയിലും മാത്രം അഭിരമിച്ചപ്പോള്‍ നഷ്ടമായത് രാജ്യത്തിന്റെ സന്തുലിതാവസ്ഥയാണ്. വര്‍ഗീയതക്ക് വളമിട്ടു കൊടുക്കുന്ന നിസ്സംഗതയും കൂറുമാറ്റവും ആണ് കോണ്‍ഗ്രസിന്റെ വര്‍ത്തമാനമുഖമുദ്ര.

ചരിത്രബോധമുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ് സംഘവാദികളുടെ പൊടുന്നനെയുള്ള ദേശസ്‌നേഹനാട്യങ്ങള്‍. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സകലമൂല്യങ്ങളെയും അട്ടിമറിക്കാന്‍ അനുനിമിഷം ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ ചരിത്രപരമായി തന്നെ മതനിരപേക്ഷതയോടും ദേശീയ ചിഹ്നങ്ങളോടും പുലര്‍ത്തിയ അറപ്പും വെറുപ്പും ലേഖകന്‍ വസ്തുതകള്‍ സഹിതം പുസ്തകത്തില്‍ തുറന്നുകാട്ടുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പറയുന്നത് പറയുന്നതുപോലെ എത്രയൊളിപ്പിച്ചാലും പുറത്തേക്ക് തള്ളിവരുന്ന ഫ്രോഡുകള്‍ പോലെ, മുസോളിനിയന്‍ സ്‌കൂളിലെ പ്രത്യയശാസ്ത്രത്തിന്റെ ഉടമകള്‍ക്ക് അതിന്റെ ഇന്‍ഹരന്റായ അസഹിഷ്ണുതയും ആക്രമണോത്സുകതയും ഒഴിവാക്കിയുള്ള പ്രവര്‍ത്തനം സാധ്യമേയല്ല.കൃത്യമായ കണക്കുകള്‍ക്കൊപ്പം ചരിത്രവസ്തുതകളും ഉദ്ധരിച്ചുകൊണ്ടാണ് നിരോധനങ്ങളുടെ റിപ്പബ്ലിക്കിലെ പ്രതിപാദനം. സംഘപരിവാര്‍ എപ്പോഴും ഭയപ്പെടുന്നതും തങ്ങളുടെ സംവാദത്തിന്റെ (യുക്തിസഹിതമായ സംവാദം സാധ്യമാണോ എന്നത് മറ്റൊരു വിഷയം) പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കാത്തതുമാണ് ചരിത്രവും കണക്കുകളും. ചരിത്രത്തിന്റെയും വസ്തുതകളുടെയും മാനിപ്പുലേഷനും അവ സംഘടിതമായി പ്രചരിപ്പിക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രങ്ങളും അക്കൂട്ടര്‍ക്ക് സഹജമാണ് താനും.

പുസ്തകത്തില്‍ വിഷയാനുസൃതമായി അടിക്കുറുപ്പ് ചേര്‍ക്കപ്പെട്ട കവിതാശകലങ്ങളും ശ്രദ്ധേയങ്ങളാണ്.സമകാലിക കേരളത്തിലെ ഏറ്റവും പ്രമുഖരായ അക്കാദമീഷ്യന്മാരില്‍ ഒരാളായ ഡോ. കെ കെ എന്‍ കുറുപ്പിന്റെ പ്രൗഢമായ അവതാരിക, വര്‍ത്തമാന ഇന്ത്യന്‍ പ്രതിസന്ധികളെ പ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായി നിരോധനങ്ങളുടെ റിപ്പബ്ലിക്കിനെ വിലയിരുത്തുന്നു.

അനീതികള്‍ കടന്നുപോയതിനു ശേഷമുള്ള നിശ്വാസങ്ങളുടെ ചരിത്രമെഴുത്തല്ല, മറിച്ച് കാലത്തോടും അതിന്റെ നീതികേടുകളോടും സംവദിച്ചും സംഘടിച്ചും പോരാടുന്ന ചലനാത്മകതയാണ് ഷിജൂഖാന്റെ നിരോധനങ്ങളുടെ റിപ്പബ്ലിക്കിന്റെ കാതല്‍.

(ഷിജൂഖാന്റെ പുസ്തകത്തെ മുന്‍നിര്‍ത്തി ഗവേഷകനും എഴുത്തുകാരനുമായ ശ്രീകാന്ത്.ആര്‍.വി തയ്യാറാക്കിയതാണ് ഈ കുറിപ്പ്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here