ബ്ലൂവെയിലില്‍ നിന്ന് രക്ഷ നേടണോ? വഴിയുണ്ട്

ആളെക്കൊല്ലി ഗെയിമായ ബ്ലൂവെയിലില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി പ്രത്യേക കൗണ്‍സിലിംഗ് ഒരുക്കി ഹരിയാന സര്‍ക്കാര്‍. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്ന് ഹരിയാന ചില്‍ഡ്രന്‍സ് പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മേഖലയിലേയും സ്വകാര്യ മേഖലയിലേയും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് നിര്‍ദ്ദേശം.

ബ്ലൂ വെയില്‍ ഗെയിമില്‍ അംഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങല്‍ നിരവധി കുട്ടികള്‍ ജീവനൊടുക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി. അമ്പത് ടാസ്‌കുകളുള്ള ഗെയ്മില്‍ അംഗങ്ങളാകുന്നവര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് ഗെയിമിന് അടിമകളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലുള്‍പ്പടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രാജ്യവ്യാപകമായി ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

കുട്ടികള്‍ ഗെയിമിന്റെ പിടിയില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വഭാവ വ്യതിയാനം സംഭവിക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. സുരക്ഷ അവബോധമില്ലാതെ കുട്ടികള്‍ ഇന്റനെറ്റും മെബൈല്‍ഫോണും ഉപയോഗിക്കുന്നതിലൂടെയാണ് സൈബര്‍ ഭീഷണിയില്‍ അകപ്പെടുന്നതെന്നാണ് കമ്മീഷന്റെ നിഗമനം.

റഷ്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ ബ്ലുവെയില്‍ ഗെയിം നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ ബ്ലൂവെയില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോകത്താകമാനം ആയിരത്തിലധികം കുട്ടികള്‍ ഗെയിമിന്റെ ഇരകള്‍ ആയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here