അഞ്ച് ലക്ഷം ഫീസ്, ആറ് ലക്ഷം ബോണ്ട്; സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ച് ലക്ഷം രൂപയായി ഹൈക്കോടതി നിശ്ചയിച്ചു. അഞ്ച് ലക്ഷം രൂപ ഫീസിന് പുറമെ ആറ് ലക്ഷം രൂപയുടെ ബോണ്ടും വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കണം. ഈ മാസം 31നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

85 ശതമാനം സീറ്റുകളില്‍ 5 ലക്ഷം രൂപയുടെ ഫീസിനു പുറമേ ആറുലക്ഷം രൂപയുടെ ബോണ്ടും വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കണം. എന്നാല്‍ കെഎംസിടി, ശ്രീനാരായണ കോളേജുകള്‍ക്ക് ഇത് ബാധകമല്ല. സുപ്രീംകോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇവര്‍ക്ക് 11 ലക്ഷം രൂപ ഫീസ് വാങ്ങാം. അഞ്ച് ലക്ഷം രൂപ കോളേജിന്റെ അക്കൗണ്ടില്‍ അടച്ച് ബാക്കി ആറു ലക്ഷത്തിന് ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കണം.

ഫീസ് നിര്‍ണയ കമ്മിറ്റി ഫീസ് പുനര്‍നിര്‍ണയിച്ചാല്‍ അധികംവരുന്ന തുക ആറുമാസത്തിനകം വിദ്യാര്‍ഥികള്‍ അടയ്ക്കണം. അല്ലെങ്കില്‍ പ്രവേശനം റദ്ദാക്കും. ഈ മാസം 31നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 25നകം ശേഷിക്കുന്ന സീറ്റുകളുടെ പട്ടിക മാനേജുമെന്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 26ന് രണ്ടാം കൗണ്‍സിലിങ് നടത്തണം. 27ന് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 29ന് വൈകിട്ട് 4 മണി വരെ പ്രവേശനത്തിന് സമയം നല്‍കണം. 30, 31 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തണം.

എന്‍ട്രന്‍സ് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഒഴിവുള്ള സീറ്റുകളുടെ പട്ടികയുമായി മാനേജ്‌മെന്റുകളുടെ പ്രതിനിധികള്‍ സ്‌പോട്ട് അഡ്മിഷന് എത്തണം. ഏകീകൃത ഫീസ് നിശ്ചയിച്ച രാജേന്ദ്രബാബു കമ്മറ്റിയുടെ തീരുമാനത്തിനെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്തംബര്‍ 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News