ദേശാഭിമാനി ജനങ്ങളുടെ പത്രമെന്ന് കോടിയേരി; 75 വര്‍ഷത്തെ ചരിത്രം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുള്ളത്

കൊച്ചി: മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി വിധിയില്‍ കേരളത്തിലെ ഏതെങ്കിലുമൊരു പത്രത്തിന് അഭിമാനിക്കാമെങ്കില്‍ അത് ദേശാഭിമാനിക്കാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖിന്റെ പേരില്‍ നടക്കുന്ന സ്ത്രീവിരുദ്ധമായ നിലപാടുകള്‍ക്കെതിരെ തുടര്‍ച്ചയായി പ്രചരണമൊരുക്കിയ മലയാള പത്രമാണ് ദേശാഭിമാനി. ഒഴുക്കിനെതിരെ നീന്തിക്കൊണ്ടാണ് പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ദേശാഭിമാനി കൊച്ചി യൂണിറ്റിലെ പുതിയ പ്രസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനി ജനങ്ങളുടെ പത്രമാണ്. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ദേശാഭിമാനി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മലയാള ഭാഷയ്ക്ക് ദേശാഭിമാനി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കലാ, കായിക, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വലിയ പങ്ക് നല്‍കാനായിട്ടുണ്ട്.

75 വര്‍ഷത്തെ ചരിത്രം എല്ലാത്തരം പ്രതിസന്ധികളെയും അതിജീവിച്ചുള്ളതാണ്. ദേശാഭിമാനിക്ക് ഉയര്‍ച്ചയും താഴ്ച്ചയും സംഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തും അടിയന്തിരാവസ്ഥകാലത്തുമെല്ലാം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ ഏത് പ്രതികൂലമായ സാഹചര്യങ്ങളും നേരിട്ടുകൊണ്ട് പത്രം പുറത്തിറക്കണമെന്ന വാശിയിലാണ് ദേശാഭിമാനി ഇത്രത്തോളം വളര്‍ന്നത്. എല്ലാ ഗവണ്മെന്റും ഒരുപോലെയല്ലേ എന്നെല്ലാം പ്രചരിപ്പിച്ച് നാട്ടില്‍ നിരാശ പടര്‍ത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരായുള്ള പ്രചരണമാണ് ദേശാഭിമാനി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനി ചീഫ് എഡിറ്റര്‍ എംവി ഗോവിന്ദന്‍ അധ്യക്ഷനായി. ദേശാഭിമാനിയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രൊഫ. എംകെ സാനു ഉദ്ഘാടനം ചെയ്തു. സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എംസി ജോസഫൈന്‍, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News