‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം’; ഡിവൈഎഫ്‌ഐയുടെ കാരുണ്യപദ്ധതി ഇനി ലോകമറിയും

തിരുവനന്തപുരം: തിരുവനന്തപുരത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയുടെ നന്മ ഇനി അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് ലോകത്തെ അറിയിക്കും. കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ഗ്രഡ് ജഫ് തിരുവനന്തപുരത്തെത്തി കാരുണ്യപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ പകര്‍ത്തി.

കണ്ണൂര്‍ പിണറായി സന്ദര്‍ശിച്ചശേഷമാണ് ലേഖകന്‍ തിരുവനന്തപുരത്തെത്തിയത്. പുരോഗമനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടനാശേഷിയുടെയും മാനവികതയുടെയും ഉത്തമ ഉദാഹരണമാണെന്ന് ജഫ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.

തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണ് ഭക്ഷണവിതരണപദ്ധതി ഡിവൈഎഫ്‌ഐ ആരംഭിച്ചത്. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം’ എന്ന പേരില്‍ കഴിഞ്ഞ ജനുവരി ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. എട്ടുമാസത്തിലധികമായി 16 ലക്ഷത്തിലധികം ഭക്ഷണപ്പൊതി വിതരണം ചെയ്തു.

പ്രതിദിനം ഏഴായിരത്തിലധികം പൊതി വിതരണം ചെയ്യുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്എടി, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലായാണ് ഭക്ഷണമെത്തിക്കുന്നത്. ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 160 മേഖലാ കമ്മറ്റികള്‍ക്കാണ് ഭക്ഷണവിതരണത്തിന്റെ ചുമതല. പ്രദേശത്തെ വീടുകളില്‍ മുന്‍കൂട്ടി വിവരം നല്‍കിയാണ് പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി ശേഖരിക്കാനെത്തുന്നത്.

മാലിന്യനിര്‍മാര്‍ജനപദ്ധതിയുടെ ഭാഗമായി വാഴയിലയിലാണ് ഭക്ഷണം പൊതിയുന്നത്. ആവശ്യത്തിന് ഇല കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ ജൈവ പച്ചക്കറികൃഷിയും ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ഭക്ഷണവിതരണപദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള ഒരുക്കത്തിലാണെന്ന് ജില്ലാ സെക്രട്ടറി ഐ സാജു പറഞ്ഞു. മരുന്ന്, ആംബുലന്‍സ് സേവനം എന്നിവയും സൗജന്യമായി നല്‍കാനുള്ള പദ്ധതി ആലോചനയിലുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here