ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം; പ്രതിഭാഗത്തിന്റെ വാദമുഖങ്ങളെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായതോടെ പ്രോസിക്യൂഷന്റെ വാദത്തിനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വാദം കേട്ട ശേഷം ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വിധി പറയും.

പ്രതിഭാഗത്തിന്റെ വാദമുഖങ്ങളെ എതിര്‍ത്തുകൊണ്ട് കേസിലെ അന്വേഷണ പുരോഗതിയുള്‍പ്പെടെ അധിക കേസ് ഡയറിയും ഇന്ന് പ്രോസിക്യൂഷന്‍ ഹാജരാക്കും.

മൂന്നര മണിക്കൂറോളം നീണ്ട വിശദമായ വാദമാണ് ദിലീപിനായി ഹാജരായ അഡ്വ. ബി രാമന്‍പിളള ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയത്. സിനിമാ മേഖലയില്‍ നിന്ന് ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്നും ഇതിനായി രാഷ്ട്രീയക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചുവെന്നും പ്രതിഭാഗം വാദിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മോനോനോ, ലിബര്‍ട്ടി ബഷീറോ ആകാം ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് പങ്കില്ല. സംഭവത്തിന്റെ ആസൂത്രകന്‍ പള്‍സര്‍ സുനിയാണ്. സുനിക്ക് നടിയെ നേരത്തേ പരിചയമുണ്ട്. സുനി ജയിലില്‍ നിന്നയച്ച കത്ത് കൈമാറിയ വിഷ്ണുവിനെതിരെ 28ഓളം കേസുകളുണ്ട്. സുനിക്ക് ദിലീപ് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തുവെന്നത് കളളക്കഥയാണ്. സിനിമാക്കാരെ പോലും വെല്ലുന്നതാണ് പൊലീസിന്റെ തിരക്കഥ. ഈ തിരക്കഥയ്ക്കനുസരിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകളെന്നും പ്രതിഭാഗം വാദിച്ചു.

സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകളില്ല. സുനിയുടെ കത്ത് ഗൂഢാലോചനയുടെ ഭാഗമാണ്. സുനിക്ക് ദിലീപിന്റെ നമ്പര്‍ പോലും അറിയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് എങ്ങനെയാണ് കേസിനെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു.

നടിയുടെ പേര് രണ്ട് തവണ പരാമര്‍ശിച്ച അഡ്വ. ബി രാമന്‍പിളളയെ കോടതി വിലക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതുവരെ നിരത്താത്ത വാദങ്ങളാണ് പ്രതിഭാഗം അഭിഭാഷകന്‍ ദിലീപിനായി കോടതിയില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് പ്രോസിക്യൂഷന്‍ വാദത്തിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News