ദിലീപ് കിംഗ് ലയര്‍; ഗൂഢാലോചനക്ക് കൃത്യമായ തെളിവുകള്‍; ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടവരുണ്ട്; ദിലീപ് 25,000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി: ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം തുടരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കിടക്കുന്ന ദിലീപിനെ കിംഗ് ലയര്‍ എന്ന് വിശേഷിപ്പിച്ച് പ്രോസിക്യൂഷന്‍. കേസിലെ ഗൂഢാലോചനക്ക് കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തൃശൂര്‍ ടെന്നിസ് ക്ലബ്ബിലെ ജീവനക്കാരന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടതായും പ്രോസിക്യൂഷന്‍ വാദിച്ചു.

‘പള്‍സര്‍ സുനി കാവ്യ മാധവന്റെ വാഹനം ഓടിച്ചിട്ടുണ്ട്. സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സുനി എത്തിയിരുന്നു. ദിലീപ് 25,000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി. കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചത്. കേസില്‍ 15 പേരുടെ രഹസ്യമൊഴിയെടുത്തു. ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടെന്ന് തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്റെ രഹസ്യമൊഴിയുണ്ട്. മൊബൈലും സിംകാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. പ്രതി രക്ഷപെടാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന് ജാമ്യം നല്‍കരുത്..’-പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്.

പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്ത് സംശയാസ്പദമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. ദിലീപിന്റെ മുറിയിലെത്തി സുനി ഗൂഡാലോചന നടത്തി എന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യമാണെന്നും അദ്ദേഹം വാദിച്ചു.

പൊലീസ് മര്‍ദ്ദനം സംബന്ധിച്ച് ദിലീപ് നേരത്തെ എഴുതിയ കത്തിന്റെ ഭാഷയും ശൈലിയും ഘടനയുമല്ല ഇതില്‍. കത്തിന്റെ കരട് തയ്യാറാക്കിയത് ജയിലിന് പുറത്താണെന്നും അതിന് പിന്നില്‍ കുശാഗ്രബുദ്ധികളാണെന്നും പ്രതിഭാഗം വാദിച്ചു. അസല്‍ കത്ത് തയ്യാറാക്കിയത് ജയിലിലാണെന്നും രാമന്‍പിള്ള വാദിച്ചു. പ്രോസികുഷന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ദിലീപിനെ കുടുക്കലാണ് ലക്ഷ്യമെന്നും രാമന്‍പിള്ള വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here