കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. പിണറായിക്കെതിരെ കുറ്റം ചുമത്താനാവില്ലെന്നും ഇടപാടില്‍ അദ്ദേഹം ഉത്തരവാദിയല്ലെന്നും ഹൈക്കോടതി വിധിച്ചു. സിബിഐ പിണറായി വിജയനെ ബലിയാടാക്കുകയായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ലാവ്‌ലിനുമായി കരാറുണ്ടാക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി. കേസില്‍ കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥനും മാത്രമാണ് കുറ്റക്കാരെന്നും രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറയുന്നു.
ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനാണ് പെട്ടെന്ന് വിധി പ്രഖ്യാപിച്ചത്. പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അത് ശരിയല്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. ലാവലിന്‍ കേസില്‍ ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എഴാം പ്രതിയായ പിണറായി വിജയന്‍, എട്ടാം പ്രതിയായ ഫ്രാന്‍സിസ് എന്നിവരെ കുറ്റിവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ വിധി. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.
കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ഉബൈദിന്റെ വിധി. 202 പേജുള്ള വിധിന്യായമാണ് വായിച്ചത്. വിധിന്യായം പൂര്‍ണമായും വായിച്ചശേഷമാണ് വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ചത്.
അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിന്റെ വാദം പൂര്‍ത്തിയായത്. അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറലായ എം.കെ ദാമോദരന്‍, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് പിണറായിക്കായി കേസ് വാദിച്ചത്.
പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.
Get real time update about this post categories directly on your device, subscribe now.