തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ശത്രുക്കളുടെ വേട്ടയാടലിനെ അതിജീവിച്ച പിണറായി വിജയന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ നമോവാകമെന്ന് മന്ത്രി ജി സുധാകരന്‍. ഹൈക്കോടതി വിധിയോടെ സത്യവും നീതി ജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ഇരുട്ടിന്റെ സന്തതികളായ രാഷ്ട്രീയ ശത്രുക്കള്‍ ഒരു കുറ്റവും ചെയ്യാത്ത നാടിന് വെളിച്ചമെത്തിക്കാന്‍ വേണ്ടി ശ്രമിച്ച അതിപ്രഗല്‍ഭനായ അന്നത്തെ വൈദ്യുതമന്ത്രിയെ ബോധപൂര്‍വ്വം വേട്ടയാടാനും തകര്‍ക്കാനും ശ്രമിച്ചതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അതുപോലെ നേരിട്ടു, വിജയിച്ചു. സത്യം ജയിച്ചു. ധര്‍മ്മം ജയിച്ചു.’-മന്ത്രി സുധാകരന്‍ പറഞ്ഞു.
ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വസ്തുനിഷ്ടാപരമായ വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്. പിണറായി വിജയനെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന ആരോപണം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
2005ല്‍ യുഡിഎഫ് സര്‍ക്കാരാണ് കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ക്കുകയും കുറ്റപത്രം നല്‍കുകയും ചെയ്തത്. വിജിലന്‍സിന്റെ പരിശോധനയിലും കുറ്റവിമുക്തനായ കണ്ട നേതാവാണ് പിണറായി വിജയന്‍.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും താത്പര്യത്തിലാണ് സിബിഐ പിണറായി വിജയനെ കേസില്‍ പ്രതിചേര്‍ത്തത്. കേന്ദ്ര ഗവണ്‍മെന്റ് സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുന്നതാണ് കണ്ടുവരുന്നത്. ഇതിന് നേരിട്ട കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും കോടിയേരി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.