പാര്‍ട്ടിക്കെതിരായ ആക്രമണമായിരുന്നു അത്; പിണറായി തുറന്നുപറയുന്നു

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. തനിക്കൊപ്പം നിന്ന് നിയമപോരാട്ടം നടത്തിയ പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഈ ഘട്ടത്തില്‍ ഒപ്പമില്ലാത്തതിന്റെ ദു;ഖവും മുഖ്യമന്ത്രി വ്യക്തമാക്കി. 20 വര്‍ഷക്കാലത്തോളം നീണ്ട പീഡനകാലത്തെക്കുറിച്ച് പിണറായി തുറന്നുപറഞ്ഞു.

വ്യക്തിപരമായ ആക്രമണം മാത്രമായിരുന്നില്ല നടന്നതെന്നും സി പി ഐ എം എന്ന പാര്‍ട്ടിയെ ക്കൂടി തകര്‍ക്കാനുള്ള ശ്രമം കുടിയായിരുന്നു നടന്നത്. വ്യക്തമായ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ താനടക്കമുള്ളവര്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ പലരും അത് കേള്‍ക്കാന്‍ തയ്യാറായില്ല.

ഇന്ന് ഹൈക്കോടതി തന്നെ ഇക്കാര്യം അടിവരയിട്ട് പറഞ്ഞത് അന്നത്തെ വിമര്‍ശകര്‍ കേള്‍ക്കണമെന്നും പിണറായി പറഞ്ഞു. തന്നെ തെരഞ്ഞുപിടിച്ച് സി ബി ഐ വേട്ടയാടുകയായിരുന്നുവെന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. എന്തായാലും അത്തരം വേട്ടയാടലുകള്‍ക്കൊന്നും തന്നെയും പാര്‍ട്ടിയേയും കീഴ്‌പ്പെടുത്താനാകില്ലെന്ന് വ്യക്തമായില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിചമച്ചതാണെന്ന് നേരത്തെ സിപിഐ എം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയതാണ്. അതാണ് ഇപ്പോള്‍ പുറത്തുവന്ന വിധി ന്യായത്തിലും പറയുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദംമൂലമാണ് ഈ കേസ് സിബിഐ ഏറ്റെടുത്തത്. തന്നെയും അതിലൂടെ സിപിഐ എമ്മിനെയും വേട്ടയാടാനുള്ള  ഗൂഢലാക്കില്‍ സിബിഐ ചിലരുടെ ചട്ടുകമാകുകയായിരുന്നു.തന്നെ മുന്‍ നിര്‍ത്തി സിപിഐ എമ്മിനെ വേട്ടയാടുകയായിരുന്നു ലക്ഷ്യം.  ഈ കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ തന്നെ സിബിഐ കോടതി ഇക്കാര്യത്തില്‍ വ്യക്തത തേടിയതാണ്. പിന്നീട് കോടതിയില്‍ കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഈ കേസ് നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയതുമാണ്.

സത്യം തെളിയുന്ന നിരവധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. അതാണ് ഹൈക്കോടതി വിധിയിലും വ്യക്തമായത്. ഈ കേസ് നിലനില്‍ക്കുന്നതല്ലെന്നും പിണറായി വിജയനെന്ന വ്യക്തിയെ തെരഞ്ഞുപിടിച്ച് പ്രതിയാക്കുകയായിരുന്നെന്നും കോടതി പറഞ്ഞു. പല മന്ത്രിമാര്‍ വന്നുപോയിട്ടും ഒരുമന്ത്രിയെ മാത്രം തെരഞ്ഞുപിടിച്ചു കേസില്‍പെടുത്തി എന്നാണ് കോടതി വ്യക്തമാക്കിയത്.

ഏതുഘട്ടത്തിലും സത്യം തെളിയുമെന്ന് അറിയാമായിരുന്നു ജുഡീഷ്യറിയോട് എല്ലാ ഘട്ടത്തിലും ആദരവ് പുലര്‍ത്തിയിരുന്നു. ആത്യന്തികമായി സത്യം തെളിയുമെന്ന് വിശ്വസിച്ചു. ജനവിധി തേടാന്‍ ഇറങ്ങിയപ്പോള്‍ ജനങ്ങള്‍ നല്‍കിയ  പിന്തുണ ഈ സത്യം തെളിയിക്കുന്നതാണ്.

ഈ ദിവസം കാത്തിരുന്ന പലരുമുണ്ട്. അതില്‍ ഒരുകൂട്ടര്‍ ഇതിനെ പോസിറ്റീവ് ആയി സമീപിച്ചവര്‍ ആണ്. അതല്ലാത്തവരും ഉണ്ട്. ഇവിടെ ഓര്‍ക്കേണ്ട കാര്യം സിബിഐ കോടതി കേസ് ചാര്‍ജ് ചെയ്ത ഘട്ടത്തില്‍ തന്നെ ഈ കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നോ എന്ന് ചോദിച്ചതാണ്. സുപ്രീംകോടതി കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ച സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ ലാക്കോടെ നടത്തിയ നീക്കമാണ് ഈ കേസ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കയാണ്.

ഈ ഘട്ടത്തില്‍  തനിക്ക് ഊര്‍ജം പകര്‍ന്ന് ഒപ്പം നിന്ന  പാര്‍ടിയോടും സഖാക്കളോടും നന്ദിയുണ്ട്. കേരളത്തിന്റെ വികസനപദ്ധതികള്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ വിധി ഊര്‍ജം പകരുമെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News