മുത്തലാഖിലെ കോടതി വിധി; അലിഗഡിലെ മത മൗലിക വാദികള്‍ ദേഷ്യം തീര്‍ത്തത് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞുവെച്ച്; വീഡിയോ ചര്‍ച്ചയാകുന്നു

മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചപ്പോള്‍ പ്രതിഷേധത്തിനിരയായവരിൽ മാധ്യമപ്രവർത്തകയും. വിധിയിൽ അഭിപ്രായം അറിയാന്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ എത്തിയ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടർ ഇല്‍മ ഹസ്സനു നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.

മുത്തലാഖിനെതിരെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവനയെ കുറിച്ച് കാമ്പസിലെ വനിതകളോട് ചോദ്യങ്ങള്‍ ചോദിച്ച ഇല്‍മയെ കുറച്ചാളുകൾ എത്തി തടയുകയായിരുന്നു. ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അത് കൂട്ടാക്കാതെ സംസാരിച്ച് കൊണ്ടിരുന്ന ഇല്‍മയ്ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിയുകയും ഭീഷണിപ്പെടുത്തുകയും മോശം വാക്കുകള്‍ പറയുകയുമായിരുന്നു കാമ്പസിലെ തന്നെ പുരുഷന്മാര്‍. ഇവര്‍ വിദ്യാര്‍ത്ഥികളോ സ്റ്റാഫോ എന്നത് വ്യക്തമല്ല.

ആദ്യം രണ്ട് മൂന്ന് പേരാണ് ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് പുരുഷന്മാർ കൂട്ടത്തോടെ ഇല്‍മയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി എത്തുകയായിരുന്നു. ഇല്‍മയെ കാണാനാകാത്ത വിധമാണ് പുരുഷന്മാർ കൂട്ടത്തോടെ വളഞ്ഞത്. ഇവർ അക്രമാസക്തരാകുമെന്ന് തോന്നിയ നിമിഷത്തിലും ഇവര്‍ക്കിടയില്‍ നിന്ന് വളരെ ധൈര്യത്തോടെ ഇല്‍മ സംസാരിച്ചു.


ആള്‍ക്കൂട്ടത്തോട് പിരിഞ്ഞ് പോകണമെന്നും ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഇല്‍മ ധൈര്യത്തോടെ പറയുന്നു. അനുവാദം വാങ്ങിയിട്ടാണോ ഷൂട്ടിങ് നടത്തുന്നതെന്ന് ആയിരുന്നു ചിലരുടെ ചോദ്യം. താന്‍ അനുവാദം വാങ്ങിയതിന് ശേഷമാണ് ചിത്രീകരണം നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇവരെ കടന്ന് ആക്രമിക്കുക ആയിരുന്നു ആൾക്കൂട്ടം. പൊലീസിൽ അറിയിക്കുമെന്ന് ഇല്‍മ പറഞ്ഞെങ്കിലും അവർ പിന്മാറിയില്ല.

ഒരുവേള കയ്യേറ്റം ചെയ്യുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയെങ്കിലും ഇല്‍മയുടെ ധൈര്യം ചോർന്നില്ല. ലൈവായി തന്നെ ഇന്ത്യാടുഡേന്യൂസിൽ സംഭവം എത്തിക്കാന്‍ ഇല്‍മയ്ക്ക് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News