ഓടുന്ന ബസില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ യുവതിയെ ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പുറത്തായി; പ്രതികള്‍ കുടുങ്ങി

റാബത്ത്: ബസിനുളളില്‍ വെച്ച് ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കൗമാരക്കാരായ ആറ് ആണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊറോക്കോയിലെ കാസാബ്ലാങ്കയിലാണ് സംഭവം. യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൗമാരക്കാരായ ആറംഗ സംഘമാണ് യുവതിയെ ഉപദ്രവിച്ചത്. ആണ്‍കുട്ടികള്‍ ഉച്ചത്തില്‍ ചിരിക്കുന്നതും യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.

കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തുവന്നത്. ആറംഗസംഘം യുവതിയെ ആക്രമിച്ചിട്ടും ബസ് ഡ്രൈവറോ മറ്റ് യാത്രക്കാരോ സഹായിച്ചതുമില്ല. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് 15 നും 17 നും ഇടയില്‍ പ്രായമുള്ള ആറ് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. യുവതിയെ അറബിക്കില്‍ പരിഹസിച്ചുകൊണ്ടാണ് ആണ്‍കുട്ടികള്‍ ഇവരെ ഉപദ്രവിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ തോത് വളരെ ഉയര്‍ന്ന രാജ്യമാണ് മൊറോക്കോ. സ്ത്രീകളില്‍ ഭൂരിഭാഗം പേരും ഏതെങ്കിലും വിധത്തിലുള്ള ചൂഷണത്തിനിരയാകുന്നതായി അടുത്തിടെ നടന്ന സര്‍വ്വേകള്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here