സ്വകാര്യത മൗലികാവകാശമാണോ; സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

ദില്ലി; സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ആധാര്‍ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് പരിശോധിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്.

സ്വകാര്യത ഒരു വ്യക്തിയുടെ മൗലികാവകാശമാണോ എന്ന കാര്യത്തിനാണ് സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുക. സ്വകാര്യത എന്ന വാദമുയര്‍ത്തി ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും സുപ്രീംകോടതി വ്യക്തത വരുത്തും. ആധാര്‍ കാര്‍ഡ് സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.
ഭരണഘടനയില്‍ സുവ്യക്തമായി പറയാത്തതിനാല്‍ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. സ്വകാര്യത സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്നതുമാണെന്നുമായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം.

വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത് അപകടകരമാണെന്നും കേരളം ചൂണ്ടിക്കാട്ടി. സ്വകാര്യത ഭരണഘടന പ്രകാരമുള്ള മൗലികാവകാശമല്ലെന്നു വ്യക്തമാക്കിയ 1954 ലെ എം.പി ശര്‍മ കേസ്, 1962 ലെ ഖരക് സിങ് കേസ് എന്നീ വിധികള്‍ പരിശോധിച്ചായിരിക്കും കോടതിയുടെ തീരുമാനം.സ്വകാര്യത പരമമായ അവകാശമല്ലെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here