സംഘികളുടെ വ്യാജരേഖ ചമയ്ക്കല്‍ ചെന്നിത്തലയും തുടങ്ങിയോ; ആരോഗ്യമന്ത്രിക്കെതിരെ വ്യാജരേഖകളുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിതരണം ചെയ്തത് വ്യാജരേഖ. മന്ത്രി സ്വജനപക്ഷപാതം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാന്‍ നിയമസഭ മീഡിയ റൂമില്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തത് പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ സൃഷ്ടിച്ച കൃത്രിമരേഖയാണെന്ന് തെളിഞ്ഞു.

ആരോഗ്യവകുപ്പിനുകീഴിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി (കെഎച്ച്ആര്‍ഡബ്‌ള്യുഎസ്)യുടെ എംഡിയായി അശോക്ലാലിനെ നിയമിച്ചതിലാണ് പ്രതിപക്ഷനേതാവ് സ്വജനപക്ഷപാതം ആരോപിച്ചത്. വ്യവസായവകുപ്പിലെ കെഎസ്‌ഐഡിസിയില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് അശോക്ലാല്‍ കെഎച്ച്ആര്‍ഡബ്‌ള്യുഎസിലേക്ക് എത്തിയത്. വിശദമായ ബയോഡാറ്റയും ഇതിനായി സമര്‍പ്പിച്ചിരുന്നു. നിയമപ്രകാരമുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയായിരുന്നു നിയമനം.

എന്നാല്‍, മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കാണിക്കാന്‍ നിയമനഫയലിന്റെ കോപ്പിയെടുപ്പിച്ചശേഷം ‘മന്ത്രിസഭയോ മുഖ്യമന്ത്രിയോ ഫയല്‍ കണ്ടിട്ടില്ല’ എന്ന് ഉദ്യോഗസ്ഥര്‍ കുറിപ്പെഴുതി വച്ചിരിക്കുന്നതായി പ്രതിപക്ഷനേതാവിന്റെ ഓഫീസ് വ്യാജമായി എഴുതിച്ചേര്‍ത്തു. ഇങ്ങനെ എഴുതിയത് കണ്ടിട്ടും മുഖ്യമന്ത്രിയൊന്നും ഫയല്‍ കാണേണ്ടതില്ല താന്‍ തീരുമാനിച്ചാല്‍ മതിയെന്ന ഭാവത്തില്‍ ആരോഗ്യമന്ത്രി നിയമനഫയലില്‍ ഒപ്പുവച്ചെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. തെളിവായി ബന്ധപ്പെട്ട ഫയലിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്യുകയായിരുന്നു.

വാര്‍ത്താസമ്മേളനം ശ്രദ്ധിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസ് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യഥാര്‍ഥ ഫയലില്‍ ഇങ്ങനെയൊരു കുറിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. സത്യവിരുദ്ധമായ ആരോപണങ്ങള്‍ ശരിയെന്ന് പ്രചരിപ്പിക്കാന്‍ ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസ് ഇല്ലാത്ത കുറിപ്പ് എഴുതിച്ചേര്‍ക്കുകയായിരുന്നു.

രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ, തന്നെ വ്യക്തിഹത്യ നടത്താന്‍ പ്രതിപക്ഷനേതാവ് വ്യാജരേഖകളുമായി പ്രചാരണം നടത്തുന്നുവെന്ന് അറിയുന്നതില്‍ ദുഃഖമുണ്ടെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here