ഐശ്വര്യവും സമൃദ്ധിയുമായി തൃക്കാക്കരയപ്പന്‍മാര്‍

പാലക്കാട്: പൊന്നിന്‍ ചിങ്ങം വന്നെത്തി. പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ ആലകളില്‍ ഇപ്പോള്‍ മണ്‍പാത്രങ്ങള്‍ കളമൊഴിഞ്ഞു. പകരം കളിമണ്ണില്‍ തൃക്കാക്കരയപ്പന്‍മാര്‍ തലയെടുപ്പോടെ ഒരുങ്ങുകയാണ്. നീതിക്കും ധര്‍മത്തിനും വേണ്ടി നിലകൊണ്ട മഹാബലിയുടെ രൂപമെന്ന സങ്കല്‍പത്തിലാണ് തൃക്കാക്കരയപ്പന്‍മാരെ വിശ്വാസികള്‍ ആരാധിക്കുന്നത്. ഓണ നാളുകളില്‍ തൃക്കാക്കരയപ്പന്‍മാരെ പൂവിട്ട് പൂജിച്ചാല്‍ ഐശ്യര്യവും സമ്പല്‍ സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം.

ഉത്രാടം ദിവസം പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്‍മാരെ അവിട്ടം നാള്‍ വൈകീട്ടുവരെയാണ് പൂവിട്ട് പൂജിക്കുന്നത്. പ്രാദേശികമേഖലകളില്‍ മാവേലിയെന്നും മാതോരെന്നും പല വിളിപ്പേരുകളില്‍ അറിയപ്പെടുന്നു. വൈദഗ്ധ്യവും കരവിരുതും ഏറെ ആവശ്യമാണ് നിര്‍മാണത്തിന്. പക്ഷേ ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള വില തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല.

പലവിധ പ്രതിസന്ധികള്‍ കാരണം പുതുതലമുറ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നിന്നകന്നതോടെ പഴയ തലമുറ മാത്രമാണ് ഇപ്പോള്‍ കളിമണ്‍ പാത്ര നിര്‍മാണ മേഖലയിലുള്ളത്. മുന്‍കാലങ്ങളില്‍ വീടുകളിലെത്തിച്ച് വില്‍ക്കുന്നതായിരുന്നു രീതി. ഇപ്പോള്‍ ചെറുകിട കച്ചവടക്കാരിലൂടെയും അത്തം ക!ഴിഞ്ഞാല്‍ തൊഴിലാളികള്‍ തെരുവ് കച്ചവടം നടത്തിയുമാണ് തൃക്കാക്കരയപ്പന്‍മാരെ വില്‍ക്കുന്നത്. അര്‍ഹിക്കുന്ന വരുമാനം ലഭിക്കുന്നില്ലെങ്കിലും കാണംവില്‍ക്കാതെ ഓണമുണ്ണാന്‍ മണ്‍പാത്രനിര്‍മാണ തൊഴിലാളികള്‍ക്ക് പ്രധാന വരുമാന മാര്‍ഗ്ഗം കൂടിയാണ് തൃക്കാക്കരയപ്പന്‍മാരുടെ നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News