പൂച്ചകളുടെ മറ്റൊരു ലോകം; ഇങ്ങനെയും ചില നല്ല കാഴ്ചകളുണ്ട് നമ്മുടെ നാട്ടില്‍

പത്തനംതിട്ട; ആറന്മുള വല്ലനയിലെ നിയാസിന്റെ വീട്ടിലെത്തിയാല്‍ പൂച്ചകളുടെ മറ്റൊരു ലോകത്തെത്തിയ പോലുണ്ടാകും. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന നിരവധി പൂച്ചകള്‍ നിയാസിന്റെ വീട്ടിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൂച്ചകളെ വാങ്ങുന്നതിനായി നിരവധി പേര്‍ എന്നും നിയാസിന്റ വീട്ടിലെത്തും.

തിരുവനന്തപുരത്തെ ബന്ധുവിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സമ്മാനമായി കിട്ടിയ പേര്‍ഷ്യന്‍ ഇനത്തിലെ രണ്ട് പൂച്ചകളാണ് പ്രവാസിയായിരുന്ന നിയാസ് റസാഖിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വിദേശ ഇനങ്ങളടക്കം വിവിധ ജനുസ്സുകളിലും വര്‍ണങ്ങളിലും രൂപങ്ങളിലുമായി അവ ഇപ്പോള്‍ കുടുംബത്തിന്റെ മുഖ്യ വരുമാനമായി. വല്ലനയിലെ വീട്ടിലെ വിശാലമായ ഒരു മുറി പൂച്ചകള്‍ക്കായി മാത്രം മാറ്റിവെക്കപ്പെട്ടു.

പേര്‍ഷ്യന്‍, ഡോള്‍ ഫേസ്, സെമി പഞ്ച്, പഞ്ച് ഹിമാലയന്‍, ഷോര്‍ട്ട്, ബ്രിട്ടീഷ് മുതലായ ഇനങ്ങളിലെ പൂച്ചകളെയാണ് നിയാസ് റുക്‌സാന ദന്പതികള്‍ പരിപാലിക്കുന്നത്. പേര്‍ഷ്യന്‍ ഇനത്തിലെ പൂച്ചക്കുഞ്ഞിന് 7500 രൂപവരെയാണ് വിപണിയിലെ മതിപ്പുവില. 40,000 രൂപവരെ വിലയുള്ളവ ഈ ദമ്പതികളുടെ ശേഖരത്തിലുണ്ട്. ഇതിലും വില കൂടിയ ഇനങ്ങളെ പരിപാലിച്ച് വില്‍പ്പന നടത്തിയ ചരിത്രവും ഇവര്‍ക്കുണ്ട്.

വര്‍ഗ്ഗഗുണം, ശീലങ്ങള്‍, വൃത്തി, ആരോഗ്യക്ഷമത മുതലായവയാണ് പൂച്ചകളുടെ വിപണി വില നിശ്ചയിക്കുന്നത്. ഇഷ്ട ഇനത്തിനെ മോഹവില നല്‍കി സ്വന്തമാക്കാന്‍ മടിക്കാത്തവരുമുണ്ട്. സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ പൂച്ചകള്‍ക്ക് ആവശ്യക്കാരില്ലാത്തതിന്റെ പ്രതിസന്ധി മറികടക്കാന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് നിയാസ് തന്റെ പൂച്ചകളെ ലോകത്തിന് മുമ്പിലെത്തിച്ചത്.

സമൂഹ മാധ്യമങ്ങളെ പ്രചരണത്തിന് കിട്ടിയതോടെ പൂച്ചകളെ തേടി ദൂരദിക്കുകളില്‍ നിന്നുപോലും അന്വേഷണങ്ങളെത്തിത്തുടങ്ങി. വര്‍ഷത്തില്‍ രണ്ട് തവണ ഒരു പൂച്ച ഗര്‍ഭം ധരിക്കും. മൂന്ന് മുതല്‍ 5 വരെ കുട്ടികളെ ലഭിക്കും. കുട്ടികളുടെ അതിജീവനമാണ് പ്രധാന വെല്ലുവിളി. ഈ ഘട്ടം വിജയകരമായി താണ്ടാനായാല്‍ പൂച്ചകള്‍ മികച്ച വരുമാനം ഉറപ്പാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News