കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇങ്ങനെ

മലപ്പുറം; സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു കൊടിഞ്ഞി ഫൈസലിന്റെ ദാരുണാന്ത്യം. 2016 നവംബര്‍ 20ാം തിയതി അതിരാവിലെയായിരുന്നു സംഭവം. കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ചായിരുന്നു ഫൈസല്‍ കൊലചെയ്യപ്പെട്ടത്. രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേ ദിവസമായിരുന്നു കൊടിഞ്ഞി ഫൈസല്‍ കൊല്ലപ്പെട്ടത്. മതമാറ്റമായിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഉണ്ണിയെന്ന അനില്‍കുമാര്‍ ഇസ്ലാം മതത്തിലേക്ക് മാറുകയും ഫൈസല്‍ എന്ന് പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമായിരുന്നു കൊലപാതകം നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

ഇസ്‌ലാം മതത്തിലേക്ക് മതം മാറിയതിനൊപ്പം കുടുംബത്തേയും മതം മാറ്റിയതിന്റെ പേരില്‍ വര്‍ഗ്ഗീയമായ വൈരാഗ്യവും ദുരഭിമാനവും ആണ് കൊലപാതകത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫയായിരുന്നു സംഘതലവന്‍.

ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ച ഫൈസലിനെ കാണാനായി ഭാര്യാ പിതാവും മാതാവും 20ാം തിയതി രാവിലെ എത്തുമെന്ന് അറിയിച്ചിരുന്നു. ഇവരെ കൂട്ടുന്നതിനായി അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഫൈസല്‍. പ്രഭാത നിസ്‌കാരത്തിനായി പളളിയിലെക്ക് വന്നവരാണ് മഫൈസല്‍ വേട്ടേറ്റ് മരിച്ചു കിടക്കുന്നതായി കണ്ടത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്നു. ഇപ്പോള്‍ ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിന്‍ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. വിപിനെ കൊലപ്പെടുത്തിയത് ഫൈസലിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News